90 ലക്ഷം പിഴ! ഇറ്റലിയിൽ ഇനി ഇംഗ്ലീഷ് സംസാരിച്ചാൽ പണികിട്ടും! വിദേശഭാഷാ നിരോധനത്തിന് നീക്കം

ഫാഷൻ വരും, പോകും. എന്നാൽ, ഇംഗ്ലീഷ് ഭ്രമത്തിന്റെ ആഘാതം സമൂഹത്തിനു മൊത്തത്തിലാണെന്ന് കരടുബില്ലിൽ ചൂണ്ടിക്കാട്ടുന്നു

Update: 2023-04-02 13:30 GMT
Editor : Shaheer | By : Web Desk
Advertising

റോം: ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകൾ നിരോധിക്കാൻ നീക്കവുമായി ഇറ്റലിയിലെ തീവ്ര വലതുപക്ഷ ഭരണകൂടം. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ഇനി മുതൽ ഇറ്റാലിയൻ അല്ലാത്ത ഭാഷ സംസാരിച്ചാൽ 90 ലക്ഷം രൂപ വരെ പിഴ ചുമത്താനാണ് നീക്കം നടക്കുന്നത്. പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനിയുടെ പാർട്ടിയായ 'ബ്രതേഴ്‌സ് ഓഫ് ഇറ്റലി' അംഗമാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സെർച്ച് എൻജിൻ സോഫ്റ്റ്വെയറായ ചാറ്റ്ജിപിടിക്ക് നിരോധനം ഏർപ്പെടുത്തിയത് വലിയ വാർത്തയായതിനു പിന്നാലെയാണ് ഇറ്റലിയുടെ പുതിയ നീക്കം. പ്രധാനമായും ഇംഗ്ലീഷ് ഭാഷാ ഭ്രമം തടയാനാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയാൽ വിദേശഭാഷാ നിരോധനം ഇറ്റലിയിൽ നിയമമാകും. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമെല്ലാം ഇംഗ്ലീഷ് സംസാരിച്ചാൽ ഒരു ലക്ഷം യൂറോ(ഏകദേശം 89.33 ലക്ഷം രൂപ)യാകും പിഴ ചുമത്തുക. അതേസമയം, ബില്ലിനുമേലുള്ള തുടർനടപടികൾ എന്നുണ്ടാകുമെന്ന് വ്യക്തമല്ല.

ഇറ്റാലിയൻ ഭാഷ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരുന്നതെന്നാണ് വിശദീകരണം. 'ഫാഷന്റെ കാര്യമില്ല ഇത്. ഫാഷൻ വരും, പോകും. എന്നാൽ, ഇംഗ്ലീഷ് ഭ്രമത്തിന്റെ ആഘാതം സമൂഹത്തിനു മൊത്തത്തിലാണ്.'-കരടുബില്ലിൽ ചൂണ്ടിക്കാട്ടുന്നു. ഇറ്റാലിയൻ ഭാഷയെ വളർത്തുകയും സംരക്ഷിക്കുകയും വേണമെന്നും ആവശ്യമുണ്ട്.

ഇംഗ്ലീഷ് ഭാഷ ഇറ്റാലിയൻ ഭാഷയെ നശിപ്പിക്കുകയും ഭാഷയുടെ അന്തസ്സ് കുറയ്ക്കുകയും ചെയ്യുകയാണെന്ന് കരടുബില്ലിൽ ആരോപിക്കുന്നുണ്ട്. ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിട്ടിട്ടും മറ്റു രാജ്യങ്ങൾ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നത് വിരോധാഭാസകരവും തെറ്റായ നടപടിയുമാണെന്നും വിമർശനവുമുണ്ട്. കമ്പനികളിലും വിവിധ സ്ഥാപനങ്ങളിലും ഇനിമുതൽ എല്ലാത്തിനും പ്രാദേശിക ഭാഷ മാത്രമേ ഉപയോഗിക്കാവൂ. പരിഭാഷപ്പെടുത്താൻ കഴിയാത്ത വാക്കുകൾക്കു മാത്രമേ വിദേശ ഭാഷ ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നുള്ളൂ.

അതേസമയം, ബില്ലിനെതിരെ ഇറ്റലിൽ വിമർശനവും ഉയരുന്നുണ്ട്. രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകർക്കുന്നതാണ് നീക്കമെന്ന് പ്രതിപക്ഷം വിമർശിച്ചു. അന്താരാഷ്ട്ര വിപണിയിലെ മത്സരരംഗത്ത് ഇറ്റലിയെ പിറകോട്ടടിപ്പിക്കാൻ ഇത് ഇടയാക്കുമെന്നും നിരീക്ഷണമുണ്ട്. ജോർജ് മെലോനി അടുത്തിടെ വരെ നടത്തിയ പ്രസംഗങ്ങളിൽ ഇംഗ്ലീഷ് പ്രയോഗിച്ചതും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നുണ്ട്.

Summary: Italy plan to ban English language with fines of up to Rs 90 lakhs as the Giorgia Meloni government looks to shield Italian language

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News