ബ്ലാക്ക് ഫ്രൈഡേ ദിനത്തിൽ ബൈഡന്റെ ബുക് ഷോപ്പിങ്; പുറത്തിറങ്ങിയത് ഇസ്രായേലിനെ വിമർശിക്കുന്ന പുസ്തകവുമായി

'രക്തപങ്കിലമായ ആ കരങ്ങളിൽനിന്ന് എന്‍റെ പിതാവിന്റെ പുസ്തകത്തെ വെറുതെവിടൂ'-ബൈഡനെ ടാഗ് ചെയ്ത് റാഷിദ് ഖാലിദിയുടെ മകൻ ഇസ്മാഈൽ ഖാലിദി എക്‌സിൽ പ്രതികരിച്ചു

Update: 2024-12-02 11:01 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞും നിർബാധം തുടരുന്ന കൂട്ടക്കുരുതി. കൊന്നൊടുക്കിയത് 44,429 മനുഷ്യരെ. അംഗവിഹീനരായവരും ഗുരുതരാവസ്ഥയിൽ കഴിയുന്നവരും ഉൾപ്പെടെ പരിക്കേറ്റവർ ഒരു ലക്ഷത്തിലേറെ. വിദ്യാലയങ്ങളും ആതുരാലയങ്ങളും അടങ്ങുന്ന അടിസ്ഥാനസൗകര്യങ്ങളും പാർപ്പിടങ്ങളുമെല്ലാം ഒന്നാകെ ബോംബിട്ടു തകർത്തുകളഞ്ഞു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിന്റെ കണക്കാണിതെല്ലാം. വംശഹത്യയ്ക്ക് പിന്തുണയുമായി കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്ക ഇസ്രായേലിനു നൽകിയത് 12.5 ബില്യൻ ഡോളറിന്റെ സഹായമാണ്. 2028 വരെ പ്രതിവർഷം 3.8 ബില്യൻ ഡോളർ ഇസ്രായേലിനു നൽകാനുള്ള ധാരണാപത്രവും ഒപ്പുവച്ചാണ് ജോ ബൈഡൻ ഭരണകൂടം താഴെയിറങ്ങുന്നത്.

ഫലസ്തീനികൾക്കുമേൽ പരമാവധി ദുരന്തവും വരുത്തിവച്ച ശേഷം വംശഹത്യയുടെ ചരിത്രം പഠിക്കാനിറങ്ങുന്ന ഭരണാധികാരിയെ നിങ്ങൾ എന്തു വിശേഷിപ്പിക്കും!? അമേരിക്കൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം കൗതുകപൂർവം പ്രസിദ്ധീകരിച്ച ഒരു വാർത്താചിത്രത്തെ കുറിച്ചാണു പറഞ്ഞുവരുന്നത്. ഒരു പുസ്തകശാലയിൽനിന്ന് കുടുംബസമേതം പുറത്തിറങ്ങുന്ന ജോ ബൈഡന്റെ ചിത്രമാണു ചര്‍ച്ചയാകുന്നത്. കൂടെ മകനും നിരവധി കേസുകളിൽ പ്രതിയുമായ ഹണ്ടർ ബൈഡനും മകൾ ആഷ്‌ലി ബൈഡനും കൊച്ചുമകളും മറ്റു കുടുംബാംഗങ്ങളുമെല്ലാമുണ്ട്. ടീഷർട്ടും ജാക്കറ്റും കൂളിങ് ഗ്ലാസും ക്യാപ്പും ധരിച്ച് ഒരു പുസ്തകശാലയിൽനിന്നു പുറത്തിറങ്ങുന്ന ബൈഡന്റെ കാഴ്ചയിൽ അസ്വാഭാവികമായി ഒന്നുമില്ല. പക്ഷേ, അദ്ദേഹത്തിന്റെ കൈയിലുള്ള പുസ്തകത്തിലാണ് എല്ലാവരുടെയും കണ്ണുടക്കിയത്.

കൊളംബിയ സർവകലാശാലയിൽ പ്രൊഫസറും ഫലസ്തീൻ-ലബനീസ് അക്കാദമിക്കുമായ റാഷിദ് ഖാലിദി രചിച്ച The Hundred Years' War on Palestine: A History of Settler Colonialism and Resistance, 1917–2017 ആണ് ആ പുസ്തകം. ഫലസ്തീനിൽ ഒരു നൂറ്റാണ്ടുകാലം ഇസ്രായേൽ നടത്തിയ അധിനിവേശത്തിന്റെയും വംശഹത്യയുടെയും ചരിത്രം അനാവരണം ചെയ്യുന്നതാണു പുസ്തകം. തദ്ദേശീയ ജനതയെ സ്വന്തം ഭൂമിയിൽനിന്ന് പുറത്താക്കാൻ വേണ്ടി പലവിധ സംഘങ്ങൾ നടത്തുന്ന അധിനിവേശ യുദ്ധം എന്ന് ആധുനിക ഫലസ്തീൻ ചരിത്രത്തെ ചുരുക്കിപ്പറയാമെന്നാണ് റാഷിദ് ഖാലിദി പുസ്തകത്തിൽ പറയുന്നത്.

2020ൽ പുറത്തിറങ്ങിയ 'ദി ഹണ്ട്രഡ് ഇയേഴ്‌സ് വാർ ഓൺ ഫലസ്തീൻ' ഫലസ്തീനിലെ ഇസ്രായേൽ അതിക്രമങ്ങളെ അക്കാദമികമായി വിലയിരുത്തുന്ന ഏറ്റവും സമഗ്രമായ പുസ്തകങ്ങളിലൊന്നാണ്. ഇസ്രായേൽ തലസ്ഥാനം ജറൂസലമിലേക്കു മാറ്റിയ തീരുമാനത്തിനും സിറിയയിലെ ഗോലാൻ കുന്നുകളുടെ കൈയേറ്റത്തിനും അംഗീകാരം നൽകിയ ആദ്യ ഡൊണാൾഡ് ട്രംപ് സർക്കാരിനെയും ഖാലിദി പുസ്തകത്തിൽ വിമർശിക്കുന്നുണ്ട്. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും ഭീകര ഭരണകൂടമെന്നാണ് ബെഞ്ചമിൻ നെതന്യാഹു സർക്കാരിനെ വിശേഷിപ്പിക്കുന്നത്. ഒരു നൂറ്റാണ്ടിന്റെ ഇസ്രായേൽ അധിനിവേശ ചരിത്രത്തിൽ ഫലസ്തീനികൾ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയ ജനകീയ പോരാട്ടമെന്നാണ് ആദ്യ ഇൻതിഫാദയെ റാഷിദ് ഖാലിദി വിശേഷിപ്പിച്ചത്. അതിക്രമങ്ങൾക്കെതിരെ ഇനിയും ഇത്തരത്തിലുള്ള ജനകീയ മുന്നേറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറയുന്നുണ്ട്.

മസാച്യുസെറ്റ്‌സിലെ ദ്വീപ് സമൂഹങ്ങളിലൊന്നായ നാന്റുകെറ്റിലിലാണ് ബൈഡൻ കുടുംബത്തോടൊപ്പം ബ്ലാക്ക് ഫ്രൈഡേ ആഘോഷിച്ചത്. നഗരത്തിലെ ബ്രദർഹുഡ് ഓഫ് തീവ്‌സ് എന്ന പ്രശ്‌സതമായ റെസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ച ശേഷമാണ് തൊട്ടടുത്തുള്ള 'നാന്റുകെറ്റ് ബുക്‌വർക്‌സ്' എന്ന പുസ്തകശാലയിൽ അദ്ദേഹം എത്തിയത്.

പുസ്തകത്തിന്‍റെ കവര്‍ചിത്രം, ഗ്രന്ഥകാരന്‍ റാഷിദ് ഖാലിദി

അതേസമയം, ഗസ്സയിലെ കൂട്ടക്കുരുതിൽ മരണസംഖ്യ ഉയരുന്നതിനെ പേരിനു വിമർശിച്ചതൊഴിച്ചാൽ, ഉറച്ച പിന്തുണയുമായി എന്നും ഇസ്രായേലിനും ബെഞ്ചമിൻ നെതന്യാഹുവിനുമൊപ്പം നിന്ന നേതാവാണ് ജോ ബൈഡൻ. തന്നെ സയണിസ്റ്റ് എന്നുവരെ അടുത്തിടെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. സയണിസ്റ്റ് ആകണമെങ്കിൽ ജൂതനാകണമെന്നില്ലെന്നും കഴിഞ്ഞ നവംബർ 12ന് ഇസ്രായേൽ പ്രസിഡന്റ് ഇസാഖ് ഹെർസോഗുമായുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ചയ്ക്കിടെ ബൈഡൻ വ്യക്തമാക്കിയിരുന്നു.

ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെ രൂക്ഷമായി വിമർശിക്കുന്ന പുസ്തകം പിടിച്ചുനിൽക്കുന്ന ബൈഡന്റെ ചിത്രം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഒടുവിലത്തെ അപമാനം എന്നാണ് 'ന്യൂയോർക്ക് പോസ്റ്റ്' പത്രം ചിത്രത്തോടൊപ്പമുള്ള വാർത്തയ്ക്കു നൽകിയ തലക്കെട്ട്. നാലു വർഷവും പിന്നിട്ട് സമയം അതിക്രമിച്ചു കഴിഞ്ഞെന്നാണ് ഗ്രന്ഥകാരൻ റാഷിദ് ഖാലിദി 'ന്യൂയോർക്ക് പോസ്റ്റി'നോട് പ്രതികരിച്ചത്. രക്തപങ്കിലമായ ആ കരങ്ങളിൽനിന്ന് തന്റെ പിതാവിന്റെ പുസ്തകത്തെ വെറുതെവിടൂവെന്നാണ് ഖാലിദിയുടെ മകൻ ഇസ്മാഈൽ ഖാലിദി എക്‌സിൽ പ്രതികരിച്ചത്. ബൈഡനെ വംശഹത്യാ ഭ്രാന്തനെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കൈയിലുള്ളതെന്ന് എന്താണെന്ന് ബൈഡനു തിരിഞ്ഞിട്ടില്ലെന്ന് ഒരു എക്‌സ് യൂസർ പരിഹസിച്ചു.

Summary: Joe Biden picks up Rashid Khalidi's anti-Israel book during Black Friday shopping; social media erupts

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News