ഇസ്രായേൽ ആക്രമണത്തിൽ ഗർത്തങ്ങളായി ലബനാൻ ഗ്രാമങ്ങൾ; ഉപഗ്രഹചിത്രങ്ങൾ പുറത്ത്

ഒരു മാസത്തെ ആക്രമണം കൊണ്ട് പച്ചപ്പ് നിറഞ്ഞ പല കൃഷിയിടങ്ങളും വീടുകളും ചുറ്റുമുള്ള മരുഭൂ പ്രദേശത്തിന്റെ അതേ നിറമായിക്കഴിഞ്ഞു

Update: 2024-10-28 17:16 GMT
Editor : ശരത് പി | By : Web Desk
Advertising

ബെയ്‌റൂത്ത്: ഗസ്സക്ക് പിന്നാലെ ലെബനാനിലും അതിശക്തമായ ആക്രമണമഴിച്ചുവിട്ടിരിക്കുകയാണ് ഇസ്രായേൽ. തെക്കൻ ലെബനാനിലെ ഇസ്രായേൽ സൈനിക കാമ്പെയിൻ ഇതിനോടകം അതിപുരാതനമായ പന്ത്രണ്ടോളം ഗ്രാമങ്ങളെ ബോംബുകൾ വീഴ്ത്തി കുഴികൾ മാത്രമാക്കി മാറ്റിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്ത്.

ഇസ്രായേൽ ആക്രമണത്തിന് മുമ്പ് സജീവമായിരുന്ന പല പട്ടണങ്ങളും തകർന്ന് തരിപ്പണമായിക്കഴിഞ്ഞു. ബോംബാക്രമണം അസഹനീയമായതോടെ രണ്ട് നൂറ്റാണ്ടിന് മുകളിൽ ജനവാസമുണ്ടായിരുന്ന ഗ്രാമങ്ങളും ചെറുപട്ടണങ്ങളും ഉപേക്ഷിച്ച് വടക്കൻ ലെബനാനിലേക്ക് കുടിയേറാൻ നിർബന്ധിതരായിരിക്കുകയാണ് സാധാരണക്കാരായ ജനം.

ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം തെക്കുകിഴക്കൻ ലെബനാനിലെ ക്ഫാർകെലയിലുള്ള പട്ടണങ്ങളും തെക്ക് മെയ്‌സ് അൽ ജബാലയിലെ പട്ടണങ്ങളും ലബന്നാഹിലെ യു.എൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഗ്രാമങ്ങളും വരെ കാലിയാക്കപ്പെട്ടു കഴിഞ്ഞു.

2023ലെയും 2024ലെയും ഉപഗ്രഹചിത്രങ്ങളും താരതമ്യം ചെയ്യുന്നതിൽ നിന്നും ഇസ്രായേലിനെ അഭിമുഖീകരിക്കുന്ന കുന്നിൻചെരിവിന് മുകളിലുള്ള ഗ്രാമങ്ങൾ വൻതോതിൽ നശിച്ചത് വ്യക്തമാകുന്നുണ്ട്.

ഒരു വർഷത്തോളം അതിർത്തിക്കപ്പുറത്ത് നിന്ന് ആക്രമണം നടത്തിയിരുന്ന ഇസ്രായേൽ അതിർത്തി കടന്ന് ലെബനാനിൽ കരയുദ്ധം ശക്തമാക്കിയിരിക്കുകയാണ്. അതിർത്തിയിലെ പർവതപ്രദേശങ്ങളിൽ കടന്നുകയറ്റം നടത്തിയ ഇസ്രായേൽ ഹിസ്ബുല്ല പോരാളികളുമായി കനത്ത ഏറ്റുമുട്ടലിൽ ഏർപ്പെട്ടിട്ടുണ്ട്.

14 പുരാതന ഗ്രാമങ്ങളിൽ കഴിഞ്ഞ വർഷം മാത്രം 3,809 തവണയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നാണ് ലെബനാൻ ദുരന്ത നിവാരണ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ എത്ര തവണയാണ് ആക്രമണം നടത്തിയതെന്ന കണക്കുകൾ ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല.

ഗ്രാമങ്ങളിൽ ഹിസ്ബുല്ല തങ്ങളുടെ ആയുധങ്ങളും വാഹനങ്ങളും വൻതോതിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ വാദം. ഇതേ ഗ്രാമങ്ങളെ പോരാട്ട മേഖലകളാക്കി ഉപയോഗിക്കുകയാണ് ഹിസബുല്ല എന്നും ഇസ്രായേൽ വാദിക്കുന്നു. എന്നാൽ ഇസ്രായേലിൻ്റെ ആരോപണം നിഷേധിച്ച് ഹിസ്ബുല്ലയും ഗ്രാമവാസികളും രംഗത്തുവന്നിട്ടുണ്ട്.

ലെബനാനിലെ പ്രധാനമേഖലകൾ ആക്രമിക്കാനായി ഭൗമശാസ്ത്രപരമായി തന്ത്രപ്രാധാന്യമുള്ള മേഖലകൾ കീഴടക്കാനുള്ള ഇസ്രായേൽ ശ്രമമാണ് ഗ്രാമങ്ങൾക്ക് മേലുള്ള ആക്രമണമെന്നാണ് നിഗമനം.

150 മുതൽ 400 മീറ്റർ വരെ വലിപ്പമുള്ള ഗ്രാമങ്ങൾ നിലവിൽ ഗ്രാമമാണോ മരുഭൂ പ്രദേശമാണോ എന്ന് തിരിച്ചറിയാനാവാത്ത വിധത്തിൽ ചാരനിറമായിക്കഴിഞ്ഞു.

2,600 പേരാണ് കഴിഞ്ഞ വർഷം പ്രദേശത്ത് കൊല്ലപ്പെട്ടിട്ടുള്ളത്. 1.2 ദശലക്ഷം ആളുകൾ ഇവിടെനിന്ന് കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

കലാകാരൻമാരുടെ നാടെന്ന് അറിയപ്പെട്ടിരുന്ന ഒഡെയ്‌സ്‌ക പരിപൂർണമായും നശിപ്പിക്കുപ്പെട്ടു. നൂറ്റാണ്ടുകളായി പാരമ്പര്യമായി കൈമാറിവന്ന പല ചിത്രകലകളും വാദ്യോപകരണങ്ങളും മൺമറഞ്ഞുപോയി.

തന്ത്രപ്രധാനമായ അതിർത്തി പർവത ഗ്രാമങ്ങളെ ഇസ്രായേൽ കീഴ്‌പ്പെടുത്തുന്നതോടെ ലബനാന്റെ പ്രധാന കേന്ദ്രങ്ങളും ഇസ്രായേലിന്റെ ആക്രമണത്തിന്റെ നിഴലിലകപ്പെടുകയാണ്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News