വെടിനിർത്തലിന് പിന്നാലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലേക്ക് ലബനാൻ

തെരഞ്ഞെടുപ്പിനായി ഹിസ്ബുല്ല ഫലപ്രദമായ സംഭാവന നൽകുമെന്ന് തലവൻ നഈം ഖാസിം

Update: 2024-11-28 16:59 GMT
Editor : ശരത് പി | By : Web Desk
Advertising

ബെയ്‌റൂത്ത്: ഇസ്രായേലും ലബനാനും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനൊരുങ്ങി ലെബനാൻ. രാഷ്ട്രത്തലവനില്ലാതെ രണ്ടുവർഷമായി തുടരുന്ന രാജ്യം ജനുവരി ഒമ്പതിന് പാർലമെന്റ് യോഗം ചേരും. സ്പീക്കർ നബീഹ് ബെറിയാണ് ജനുവരി ഒമ്പതിന് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി യോഗം ചേരാൻ ആഹ്വാനം ചെയ്തത്.

ഒക്ടോബർ 2022ൽ മൈക്കൾ ഔനിന്റെ കാലാവധി കഴിഞ്ഞതോടെയാണ് ലബനാൻ പ്രസിഡന്റില്ലാത്ത കാലത്തിലേക്ക് കടന്നത്. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലക്കോ എതിർ പാർട്ടിക്കോ കൃത്യമായ ഭൂരിപക്ഷമില്ലാത്തതിനാലായിരുന്നു പ്രസിഡന്റിനെ തെരഞ്ഞെടുക്കാനാവാഞ്ഞത്.

എന്നാൽ ബുധനാഴ്ച ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ലബനാൻ പ്രധാനമന്ത്രി ഇത് രാജ്യത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായമാവുമെന്നും പുതിയൊരു പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിലേക്ക് വരും ദിവസങ്ങളെത്തട്ടെയെന്നും പറഞ്ഞു. ഹിസ്ബുല്ല സഖ്യകക്ഷിക്ക് വേണ്ടി വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം നൽകിയ സ്പീക്കർ നബീഹ് ബെറി പ്രസിഡന്റിനെ അതിവേഗം തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനായി ഹിസ്ബുല്ല ഫലപ്രദമായ സംഭാവന നൽകുമെന്ന് ഹിസ്ബുല്ല തലവൻ നഈം ഖാസിയും വ്യക്തമാക്കി.

നിയമപ്രകാരം ലബനാന്റെ പ്രസിഡന്റ് സ്ഥാനം ഒരു മറോണൈറ്റ് ക്രിസ്ത്യാനിക്കും പ്രീമിയർ സ്ഥാനം ഒരു സുന്നി മുസ്‌ലിമിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. പാർലമെന്റ് സ്പീക്കർ സ്ഥാനം ഷിയ മുസ്‌ലിമിനാണ്.

14 മാസങ്ങൾ നീണ്ട ആക്രമണത്തിന് വെടിനിർത്തലിലൂടെ താൽക്കാലിക പരിഹാരമായെങ്കിലും ഇസ്രായേൽ-ലബനാൻ സംഘർഷം അവസാനിക്കുന്നില്ല. 60 ദിവസത്തേക്കാണ് വെടിനിർത്തൽ. അതിർത്തി പ്രദേശങ്ങളിലേക്ക് മടങ്ങാൻ കുടുംബങ്ങളെ അനുവദിക്കാൻ സമയമായില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കറ്റ്‌സും ഉത്തരവിട്ടു.തെക്കൻ ലബനാനിൽ ഇസ്രായേൽ സേന നിലയുറപ്പിച്ച ഭാഗങ്ങളിൽ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട ഭാഗങ്ങളിലേക്ക് പൗരന്മാർ മടങ്ങരുതെന്നുമാണ് നിർദേശം.

ലിറ്റാനി പുഴയുടെ വടക്കുഭാഗത്തുള്ള ഹിസ്ബുല്ല പോരാളികൾ പിൻവാങ്ങണമെന്നും ഉപാധിയുണ്ട്. ദക്ഷിണ ലബനാൻ അതിർത്തിയിൽ നിന്ന് ഏതാനും പേരെ ഇസ്രായേൽ പിടികൂടിയതും വെടിനിർത്തൽ കരാർ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ഇസ്രായേലിൻറെ സൈനിക പിൻമാറ്റത്തിന് ദിവസങ്ങൾ വേണ്ടി വരുമെന്നാണ് സൂചന. ദക്ഷിണ ലബനാനിലെ അതിർത്തി സുരക്ഷ, ലബനാൻ സൈന്യവും യുഎൻ സമാധാന സേനയും ഏറ്റെടുക്കും.യുഎസ് പ്രതിനിധി ഹമോസ് ഹോച്സ്റ്റിൻ ബെയ്‌റൂത്തിൽ ക്യാമ്പ് ചെയ്ത് ഇരുപക്ഷവുമായി ആശയ വിനിമയം തുടരുകയാണ്.അതേസമയം ഫലസ്തീൻ പോരാളികൾക്കൊപ്പം ചേർന്ന് അധിനിവേശത്തിനെതിരായ പോരാട്ടം തുടരുമെന്ന് ഹിസ്ബുല്ല നേതൃത്വം പ്രതികരിച്ചു. ലബനാൻറെ പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ജാഗ്രതയോടെ നിലയുറപ്പിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു.അതിർത്തിയിൽ തുരങ്കം നിർമിക്കുകയോ റോക്കറ്റ് വർഷിക്കുകയോ ചെയ്താൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇസ്രായേലിന് 860 മില്യൻ ഡോളറിൻറെ ആയുധസഹായം അനുവദിക്കാൻ ബൈഡൻ ഭരണകൂടം യുഎസ് കോൺഗ്രസിൽ ആവശ്യപ്പെട്ടു. ലബനാൻ കരാറുമായി ഇതിന് ബന്ധമില്ലെന്നാണ് പെൻറഗൺ നൽകുന്ന വിശദീകരണം

ഒരു വർഷത്തിനിടെ ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ 3,700 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അധ്യക്ഷൻ ഹസൻ നസ്‌റുല്ല അടക്കമുള്ള ഹിസ്ബുല്ല നേതാക്കളും വധിക്കപ്പെട്ടു. അതേസമയം, ഹിസ്ബുല്ലയുമായി യുദ്ധത്തിന്റെ പൂർണ അന്ത്യമല്ല ഇതെന്നും ഇസ്രായേൽ പറയുന്നു. അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിൽ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. ലബനാന്റെ തെക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് വ്യാപക ആക്രമണം.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News