അടിതെറ്റി മഹാതീർ, അൻവർ ഇബ്രാഹീമിന് കുതിപ്പ്; ചരിത്രത്തിലാദ്യമായി മലേഷ്യ കൂട്ടുകക്ഷി ഭരണത്തിലേക്ക്

അരനൂറ്റാണ്ടു നീണ്ട രാഷ്ട്രീയ കരിയറില്‍ ആദ്യമായി തോൽവി രുചിച്ച മഹാതീറിന് കെട്ടിവച്ച കാശും നഷ്ടമായി

Update: 2022-11-20 05:35 GMT
Editor : Shaheer | By : Web Desk
Advertising

ക്വാലാലംപൂർ: മലേഷ്യ ചരിത്രത്തിൽ ആദ്യമായി കൂട്ടുകക്ഷി ഭരണത്തിലേക്ക്. പ്രധാനമന്ത്രി ഇസ്മാഈൽ സാബ്രി യാകൂബിന്റെ ബാരിസാൻ നാഷനൽ(ബി.എൻ) സഖ്യത്തൻ വൻ തിരിച്ചടിയേറ്റ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. മലേഷ്യൻ രാഷ്ട്രീയത്തിലെ കരുത്തനായ മുൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിന് അരനൂറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി സ്വന്തം തട്ടകത്തിൽ അടിപതറുകയും ചെയ്തു.

222 അംഗ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹീമിന്റെ പകതൻ ഹരപൻ(പി.എച്ച്) സഖ്യമാണ് മുന്നേറ്റമുണ്ടാക്കിയത്. 82 സീറ്റ് സ്വന്തമാക്കിയെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് അത് ഉയർത്താനായില്ല. മുൻ പ്രധാനമന്ത്രി മുഹ്‌യിദ്ദീൻ യാസീന്റെ നേതൃത്വത്തിൽ മലായ് കേന്ദ്രമായുള്ള പെരികതൻ നാഷനൽ(പി.എൻ) പാർട്ടി 73 സീറ്റുമായി തൊട്ടുപിന്നിലുമുണ്ട്. ഭരണകക്ഷിയായ ബി.എൻ സഖ്യം വെറും 30 സീറ്റിലേക്ക് ഒതുങ്ങി.

സ്വാതന്ത്ര്യ നേടി 60 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാതെ അനിശ്ചിതത്വം നിലനിൽക്കുന്നതെന്നതും കൗതുകമുണർത്തുന്നതാണ്. അതിനിടെ, സർക്കാർ രൂപീകരിക്കാനുള്ള പിന്തുണ ഉറപ്പാക്കിയെന്ന് അവകാശപ്പെട്ട് അൻവർ ഇബ്രാഹീമും മുഹ്‌യിദ്ദീൻ യാസീനും രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ രൂപീകരിക്കാൻ വേണ്ട 111 സീറ്റ് ഉറപ്പായിട്ടുണ്ടെന്ന് അൻവർ അവകാശപ്പെട്ടു.

ഞെട്ടിത്തരിച്ച് മഹാതീർ; കെട്ടിവച്ച കാശും നഷ്ടം

പതിറ്റാണ്ടുകളായി സ്വന്തം തട്ടകം പോലെ കാത്തുവച്ചിരുന്ന ലങ്കാവിയിലാണ് മഹാതീർ മുഹമ്മദിന് അടിതെറ്റിയത്. മലേഷ്യയിലെ വടക്കുപടിഞ്ഞാറൻ ദ്വീപായ ലങ്കാവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു മലേഷ്യൻ രാഷ്ട്രീയത്തിലെ അതികായൻ. കെട്ടിവച്ച തുകയും നഷ്ടപ്പെട്ടിട്ടുണ്ട്. 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നേടിയായിരുന്നു മഹാതീറിന്റെ വിജയം.

53 വർഷത്തെ രാഷ്ട്രീയ കരിയറിൽ 97കാരനായ മഹാതീറിന്റെ ആദ്യത്തെ തോൽവിയാണിത്. 1981 മുതൽ തുടർച്ചയായി 22 വർഷം മലേഷ്യൻ പ്രധാനമന്ത്രിയായിരുന്നു മഹാതീർ. 2003ൽ രാജി പ്രഖ്യാപിച്ച് എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. സജീവരാഷ്ട്രീയം വിടുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.

മലേഷ്യയെ പിടിച്ചുകുലുക്കിയ ശതകോടികളുടെ അഴിമതി വിവാദങ്ങൾക്കു പിന്നാലെ 2018ൽ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. അന്നത്തെ ഭരണകക്ഷിയായ ബി.എൻ സഖ്യത്തെ തോൽപിക്കാനായി രാഷ്ട്രീയ എതിരാളിയും മുൻ ഉപപ്രധാനമന്ത്രിയുമായ അൻവർ ഇബ്രാഹീമിനൊപ്പം കൂട്ടുകൂടുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ വൻവിജയം നേടി മഹാതീർ ഇടവേളയ്ക്കുശേഷം വീണ്ടും മലേഷ്യൻ പ്രധാനമന്ത്രിയായി.

തെരഞ്ഞെടുപ്പിനു മുൻപുണ്ടാക്കിയ ധാരണയിൽ പ്രധാനമന്ത്രി പദം മഹാതീറും അൻവർ ഇബ്രാഹീമും പാതിയായി പങ്കിടുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, 2020ൽ അധികാരം മാറേണ്ട ഘട്ടത്തിൽ അൻവർ ഇബ്രാഹീം പ്രധാനമന്ത്രിയാകുന്നത് തടയാൻ മഹാതീർ ചരടുവലിച്ചു. പുറത്തുനിന്നുള്ള കക്ഷികളുടെ പിന്തുണയോടെ ഭരണം തുടരാനുള്ള നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. സഖ്യസർക്കാർ തകരുകയും മലേഷ്യ രാഷ്ട്രീയാസ്ഥിരതയിലേക്ക് നീങ്ങുകയും ചെയ്തു.

Summary: Malaysia faces hung parliament for first time in history as Ex PM Mahathir Mohamad loses seat in shock defeat

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News