ഇന്ത്യാവിരുദ്ധത തിരിച്ചടിയായി; ഇന്ത്യൻ ടൂറിസ്റ്റുകൾ കുറഞ്ഞു; മാലദ്വീപിന് നഷ്ടം 2 ബില്യൺ

മാലിദ്വീപിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണം ഒന്നാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്ത്

Update: 2024-03-14 16:58 GMT
Editor : ശരത് പി | By : Web Desk
Advertising

ഇന്ത്യൻ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെ തകിടം മറിഞ്ഞ് മാലദ്വീപ് ടൂറിസം മേഖല. രാജ്യത്തിന്റെ ടൂറിസം വരുമാനത്തിൽ വൻ ഇടിവ്. രാജ്യത്തിന്റെ ഇന്ത്യാ വിരുദ്ധ നയത്തിന് ഇതോടെ വൻ തിരിച്ചടിയാണേറ്റിരിക്കുന്നത്.

2023ൽ ഇന്ത്യ ആയിരുന്നു മാലദ്യീപിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ നിലവിൽ ഇന്ത്യ ആറാം സ്ഥാനത്താണുള്ളത്. ഇന്ത്യക്കാരുടെ സന്ദർശനം കുറഞ്ഞതോടെ ടൂറിസ്റ്റുകളുടെ വരവിൽ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2023-ൽ 17 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ദ്വീപ് സന്ദർശിച്ചു, അതിൽ 2,1 ലക്ഷത്തിലധികം പേർ ഇന്ത്യക്കാരാണ്, റഷ്യയും (രണ്ട് ലക്ഷം), ചൈനയുമാണ് (1.8 ലക്ഷം) തൊട്ടുപിന്നിൽ.

2022ൽ 2.4 ലക്ഷം ഇന്ത്യക്കാർ മാലദ്വീപ് സന്ദർശിച്ചു. കൊവിഡ് കാലത്തു പോലും മാലദ്വീപിൽ ഇന്ത്യക്കാർ സന്ദർശനം നടത്തിയിരുന്നു.

ഓഫ് സീസണുകളിൽ പോലും ഇന്ത്യൻ ടൂറിസ്റ്റുകളുടെ വരവായിരുന്നു മാലദ്വീപിന്റെ വരുമാനത്തിൽ വലിയൊരു പങ്കും വഹിച്ചിരുന്നത്. ഇന്ത്യൻ സന്ദർശകർ കുറഞ്ഞതിലൂടെ 1.8 മുതൽ 2 ബില്യൺ ഡോളർ വരെ മാലദ്വീപിന് നഷ്ടം സംഭവിക്കാമെന്ന് വിദഗ്ദർ കണക്ക്കൂട്ടുന്നു.

2023ൽ മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെ ഇന്ത്യവിരുദ്ധ നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. തന്ത്രപരമായി ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലദ്വീപ്.ഇന്ത്യയുമായുള്ള ബന്ധം എല്ലാതരത്തിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മുയിസു. ഇന്ത്യയുമായുള്ള ബന്ധം മോശമായതോടെ ചൈന മാലദ്വീപുമായി കരാറുകളുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിസഭയിലെ മൂന്ന് അംഗങ്ങൾ രംഗത്തുവന്നിരുന്നു. ഇതോടെയാണ് ഇന്ത്യയിൽ മാലദ്വീപിനെതിരെ പ്രതിഷേധം ഉടലെടുത്തത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News