നയതന്ത്ര സംഘര്‍ഷത്തിനിടെ ഇന്ത്യയുമായി ചർച്ചയ്ക്കു തയാറായി മാലദ്വീപ്
മോദിക്കെതിരെ മന്ത്രിമാർ പറഞ്ഞത് ഔദ്യോഗിക നിലപാടല്ലെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍
മാലെ: നയതന്ത്ര സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇന്ത്യയുമായി ചർച്ചയ്ക്കു സന്നദ്ധത അറിയിച്ച് മാലദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മന്ത്രിമാർ പറഞ്ഞത് ഔദ്യോഗിക നിലപാടല്ലെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍ പ്രതികരിച്ചു. മന്ത്രിമാരുടെ പ്രസ്താവനകളെ തള്ളുകയാണെന്നും അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ വിവാദ പ്രസ്താവനകളിൽ മാലദ്വീപ് അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി അപലപിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും മാലദ്വീപ് നീക്കം നടത്തുന്നുണ്ട്. ചൈനയുമായുള്ള ബന്ധം വിലമതിക്കാനാകാത്തതാണെന്നാണ് ഇന്നലെ മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുഇസ്സു ബെയ്ജിങ്ങിൽ പറഞ്ഞത്. ഇന്ത്യയുമായുള്ള ബന്ധം കുറയ്ക്കാൻ മാലദ്വീപ് പ്രസിഡന്‍റിനുമേൽ സമ്മർദം ശക്തമാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ സൈനിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ചൈനയ്ക്ക് മാലദ്വീപിൻറെ സഹായം കൂടിയേ തീരൂ. എന്നാൽ, ആരോപണങ്ങൾ ചൈന നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും മാലദ്വീപിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ചൈനീസ് ഭാഷ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് സഹമന്ത്രിമാർ അപകീർത്തി പരാമർശങ്ങൾ നടത്തിയതിനു പിന്നാലെ രാജ്യത്തേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബോയ്‍കോട്ട് മാലദ്വീപ് ഹാഷ് ടാഗുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇന്ത്യക്ക് പുറത്തുനിന്നുള്ള വിനോദസഞ്ചാരികളും മാലദ്വീപിനെ കൈവിടുകയാണെന്നാണ് റിപ്പോർട്ട്. അതേസമയം, ലക്ഷദ്വീപ് ലക്ഷ്യമിട്ടുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി കമ്പനികളും അവകാശപ്പെടുന്നുണ്ട്.
Summary: Maldives expresses willingness to negotiate with India amid the diplomatic row following the insults hurled by ministers against the Prime Minister Narendra Modi.