വിമാനത്തിൽ കുഞ്ഞ് നിർത്താതെ കരഞ്ഞു; മാതാപിതാക്കളെയും ജീവനക്കാരെയും ചീത്ത വിളിച്ച് സഹയാത്രികൻ; വീഡിയോ
യാത്രക്കാരന്റെ നടപടിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേർ രംഗത്തെത്തി
ഫ്ളോറിഡ: കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്. അതിപ്പോൾ ബസിലായാലും ട്രെയിനിലായാലും വിമാനത്തിലായാലും. ചിലകുട്ടികൾക്ക് യാത്ര ചെയ്യുമ്പോൾ നിർത്താതെ കരയും. ചില കുഞ്ഞുങ്ങൾ വാശി പിടിക്കും..ഇതൊക്കെ സാധാരണമാണ്. കുഞ്ഞുങ്ങളുടെ കരച്ചിൽ പലപ്പോഴും സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എന്നാൽ കുട്ടിയല്ലേ എന്ന് കരുതി പലരും അതിനെക്കുറിച്ച് പരാതിയൊന്നും പറയാറില്ല.എന്നാൽ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കാരണം സഹയത്രികൻ പൊട്ടിത്തെറിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഫ്ളോറിഡയിലേക്കുള്ള സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. വിമാനയാത്രക്കിടെ ഒരു കുഞ്ഞ് നിർത്താതെ കരയുകയായിരുന്നു. ഇതിൽ അസ്വസ്ഥനായ മറ്റൊരു യാത്രക്കാരൻ വിമാന ജീവനക്കാരെയും സഹയാത്രികരെയും ചീത്തവിളിക്കുന്നതും വീഡിയോയിലുണ്ട്.
ഏകദേശം നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സഹയാത്രികൻ രണ്ട് ഫ്‌ലൈറ്റ് അറ്റൻഡന്റുമാരോട് കുഞ്ഞിന്റെ കരച്ചിൽ കൊണ്ട് ശല്യമുണ്ടായതായി പരാതിപ്പെടുന്നത് കാണാം. തുടർന്ന് കുഞ്ഞിന്റെ മാതാപിതാക്കളോടും ഇയാൾ ദേഷ്യപ്പെടുന്നുണ്ട്. ഇയാൾ ദേഷ്യപ്പെടുന്നതിനിടക്ക് കുട്ടി ഇടക്ക് കരച്ചിൽ നിർത്തുന്നുണ്ടെങ്കിലും യാത്രക്കാരൻ ദേഷ്യപ്പെടുകയും ഉച്ചത്തിൽ ചീത്തവിളിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഇയാളെ ശാന്തനാക്കാന്‍ വിമാനജീവനക്കാര്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല.ഒടുവില്‍ വിമാനം ഒർലാൻഡോയിലെത്തിയപ്പോൾ ഇയാളോട് വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ യാൾ എയർപോർട്ട് പൊലീസിനോട് തന്റെ അവസ്ഥ വിശദീകിരിക്കുന്നതും വീഡിയോയിലുണ്ട്.
ടിക് ടോക്കിലാണ് ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും വീണ്ടും ഷെയർ ചെയ്തു. ദശക്ഷക്കണക്കിന് പേരാണ് വീഡയോ കണ്ടത്. അതേസമയം, യാത്രക്കാരന്റെ നടപടിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേർ രംഗത്തെത്തി. യാത്രക്കാരൻ ആ മാതാപിതാക്കളുടെ അവസ്ഥ മനസിലാക്കി പ്രതികരിക്കണമെന്നായിരുന്നു ചിലർ കമന്റ് ചെയ്തത്. എന്നാൽ ചിലർ മാതാപിതാക്കളെ കുറ്റപ്പെടുത്തി. കുഞ്ഞുങ്ങളെ കൊണ്ട് യാത്ര ചെയ്യുമ്പോൾ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അല്ലാത്തവർ വിമാനത്തിൽ യാത്ര ചെയ്യരുതെന്നും ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം, വെല്ലുവിളി നിറഞ്ഞ സാഹചര്യം കൈകാര്യം ചെയ്യുമ്പോൾ മികച്ച പ്രൊഫഷണലിസം കാണിച്ച ക്രൂവിനെ അഭിനന്ദിക്കുന്നതായി സൗത്ത് വെസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിലും അവർ ക്ഷമാപണം നടത്തി.