കാൽവിരലുകൾ മുറിച്ചുമാറ്റി, ഒരു മാസത്തോളം കോമയിൽ, 30ലേറെ ശസ്ത്രക്രിയകൾ; എല്ലാത്തിനും കാരണം ഒരു കൊതുക്

ആദ്യം പനിയുടേത് പോലുള്ള ലക്ഷണങ്ങളാണ് സെബാസ്റ്റ്യന് അനുഭവപ്പെട്ടത്. എന്നാൽ അത് വലിയൊരു വിപത്തിന്റെ തുടക്കമായിരുന്നു.

Update: 2022-11-28 13:18 GMT
Advertising

പൊതുവെ മനുഷ്യന് ശല്യക്കാരാണ് കൊതുകുകൾ. ഡെങ്കി പോലുള്ള വൈറസുകൾ വഹിക്കുന്ന കൊതുകുകൾ മനുഷ്യനിലുണ്ടാക്കുന്ന വിപത്ത് ചെറുതല്ല. ഇത്തരത്തിൽ ഒരു കൊതുക് മൂലം ഒരു ചെറുപ്പക്കാരന് ഉണ്ടായ മാരകവിപത്തിനെ കുറിച്ചാണ് പറയുന്നത്. കേവലമൊരു പനി മാത്രമല്ല ഇവിടെ ഉണ്ടായത്.

ജർമൻകാരനായ 27കാരൻ ഒരു കൊതുക് മൂലം കോമാ അവസ്ഥയിലേക്ക് മാറുകയും 30ലേറെ ശസ്ത്രക്രിയകൾക്ക് വിധേയനാവേണ്ടിയും വന്നു. റോഡർമാർക്ക് സ്വ​ദേശിയായ സെബാസ്റ്റ്യൻ റോട്ഷ്കെയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. 2021ലെ ഒരു വേനൽക്കാലത്തേറ്റ ഏഷ്യൻ ടൈ​ഗർ വിഭാ​ഗത്തിൽപ്പെട്ട കൊതുകിന്റെ കടിയാണ് ഇത്തരത്തിലൊരു ഭീ​കരമായ അവസ്ഥയുണ്ടാക്കിയത്.

ആദ്യം പനിയുടേത് പോലുള്ള ലക്ഷണങ്ങളാണ് സെബാസ്റ്റ്യന് അനുഭവപ്പെട്ടത്. എന്നാൽ അത് വലിയൊരു വിപത്തിന്റെ തുടക്കമായിരുന്നു. പിന്നീട് രണ്ട് കാൽവിരലുകൾ ഭാഗികമായി മുറിച്ചുമാറ്റി. 30 ഓപ്പറേഷനുകൾക്ക് വിധേയനാകേണ്ടി വന്നു. നാലാഴ്ചയോളം കോമയിലായിരുന്നു. മാത്രവുമല്ല, രക്തത്തിൽ വിഷബാധയുണ്ടായി. കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയ്ക്ക് പലതവണ തകരാറുണ്ടായി.

കൂടാതെ, ഒരു കുരു നീക്കം ചെയ്യുന്നതിനായി റോട്ഷ്കെയ്ക്ക് തന്റെ തുടയിൽ ചർമ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടിവന്നു. ടിഷ്യൂ സാമ്പിൾ പ്രകാരം, മാരകമായ ബാക്ടീരിയകൾ തന്റെ ഇടത് തുടയുടെ പകുതിയോളം തിന്നുതീർത്തതിനാൽ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പോലും അദ്ദേഹം കരുതി.

"ഞാൻ വിദേശത്ത് പോയിട്ടില്ല. നാട്ടിൽ നിന്നു തന്നെയായിരിക്കാം കൊതുക് കടിയേറ്റത്. പിന്നെ അവസ്ഥ പരിതാപകരമായി. പനി പിടിച്ചു. ഏറെനാൾ കിടപ്പിലായിരുന്നു. കഷ്ടിച്ചാണ് ബാത്ത്റൂമിൽ പോയത്. ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. എന്നാൽ അസുഖം കുറയുമെന്ന് ഞാൻ കരുതി. പെട്ടെന്ന് എന്റെ ഇടത് തുടയിൽ ഒരു വലിയ കുരു രൂപപ്പെട്ടിരിക്കുന്നത് കണ്ടു. ഏഷ്യൻ ടൈഗർ കൊതുകിന്റെ കടിയാണ് എല്ലാത്തിനും കാരണമെന്ന് ഡോക്‌ടർമാർ വളരെ വേഗം പറഞ്ഞു. തുടർന്ന് ഞാനൊരു സ്പെഷ്യലിസ്റ്റിനെ സമീപിച്ചു"- റോട്ഷ്കെ വിശദമാക്കി.

നിലവിൽ ചികിത്സാവധിയിൽ കഴിയുന്ന റോട്ഷ്‌കെ, തനിക്കിപ്പോൾ സുഖമായി വരുന്നുവെന്നും ഇത്തരം കൊതുകുകടിയേൽക്കാതെ ജാഗ്രത പാലിക്കണമെന്ന് മറ്റുള്ളവരോട് അഭ്യർഥിക്കുകയും ചെയ്തു. ഫോറസ്റ്റ് കൊതുകുകൾ എന്നും അറിയപ്പെടുന്ന ഏഷ്യൻ ടൈഗർ കൊതുകുകൾ പകൽ കടിക്കുന്നവയാണ്. ഈസ്റ്റേൺ എക്വിൻ എൻസെഫലൈറ്റിസ്, സിക്ക വൈറസ്, വെസ്റ്റ് നൈൽ വൈറസ്, ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ ​ഗുരുതര രോഗങ്ങൾ പരത്താൻ കഴിവുള്ളവയാണിവ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News