ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീഫ് ലഭ്യമാക്കും; പുതിയ ബിസിനസുമായി സക്കര്‍ബര്‍ഗ്
അമേരിക്കയിലെ ഹവായിലുള്ള കുവായിയിലെ കോലാവു എന്ന സ്ഥലത്താണ് സക്കര്‍ബര്‍ഗിന്‍റെ കന്നുകാലി കൃഷി
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയുടെ മേധാവി കൂടിയാണ് ടെക് കോടീശ്വരനായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. വ്യത്യസ്തമായ ചിന്തകളും ആശയങ്ങളുമാണ് സക്കര്‍ബര്‍ഗിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഈയിടെ അദ്ദേഹം ജിയുജിറ്റ്സു ടൂര്‍ണമെന്‍റില്‍ മത്സരിക്കുകയും മെഡലുകള്‍ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ ബിസിനസിലേക്ക് കടന്നിരിക്കുകയാണ് സക്കര്‍ബര്‍ഗ്. കന്നുകാലി വളര്‍ത്തലാണ് കോടീശ്വരന്‍റെ പുതിയ ബിസിനസ്.
ലോകത്തിലെ ഏറ്റവും മികച്ച ബീഫ് ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സക്കര്‍ബര്‍ഗ് കന്നുകാലി വളര്‍ത്തലിലേക്ക് തിരിഞ്ഞിരിക്കുന്നത്. അമേരിക്കയിലെ ഹവായിലുള്ള കുവായിയിലെ കോലാവു എന്ന സ്ഥലത്താണ് സക്കര്‍ബര്‍ഗിന്‍റെ കന്നുകാലി കൃഷി. പ്രാദേശികമായ വിഭവങ്ങളാണ് ഫാമില്‍ വളര്‍ത്തുന്ന കന്നുകാലികള്‍ക്ക് നല്‍കുന്നത്. മക്കാഡാമിയ പഴവും ഡ്രൈ ഫ്രൂട്ട്സും പ്രാദേശികമായി നിര്‍മിക്കുന്ന ബിയറുമാണ് കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്‍കുക. ബുധനാഴ്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്‍റെ പുതിയ ബിസിനസിനെക്കുറിച്ച് സക്കര്‍ബര്‍ഗ് ലോകത്തെ അറിയിച്ചത്. ഗുണനിലവാരമുള്ള ബീഫ് കഴിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. "കുവായിയിലെ കൊലോവ് റാഞ്ചിൽ കന്നുകാലികളെ വളർത്താൻ തുടങ്ങി. ലോകത്തിലെ ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള ബീഫ് ഉണ്ടാക്കുക എന്നതാണ് എന്‍റെ ലക്ഷ്യം.വാഗ്യു(ജാപ്പനീസ് കന്നുകാലി ഇനം), ആംഗസ് എന്നീ ഇനങ്ങളില്‍ പെട്ട കന്നുകാലികളെയാണ് ഫാമില്‍ വളര്‍ത്തുക. അവര്‍ മക്കാഡമിയ കഴിച്ചും ഇവിടെയുണ്ടാക്കുന്ന ബിയര്‍ കുടിച്ചും വളരും'' അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
താന്‍ ഉത്തരവാദിത്തമുള്ള കര്‍ഷകനായിരിക്കുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. ''കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പ്രാദേശികമായി തന്നെയാണ് ചെയ്യുന്നത്. ഓരോ പശുവും പ്രതിവര്‍ഷം 5,000-10,000 പൗണ്ട് വരെ ഭക്ഷണം കഴിക്കുന്നു. ഏക്കര്‍ കണക്കിന് മക്കാഡമിയ ചെടികളും വളര്‍ത്തുന്നുണ്ട്. എന്‍റെ പെണ്‍കുട്ടികള്‍ മാക് ചെടികള്‍ നട്ടുപിടിപ്പിക്കാനും കന്നുകാലികളെ പരിപാലിക്കാനും സഹായിക്കുന്നു. ഞങ്ങൾ ഇപ്പോഴും യാത്രയുടെ തുടക്കത്തിലാണ്. ഓരോ സീസണിലും അത് മെച്ചപ്പെടുത്തുന്നത് രസകരമാണ്. എന്‍റെ എല്ലാ പ്രോജക്റ്റുകളിലും വച്ച് ഇത് തികച്ചും വ്യത്യസ്തമാണ്'' സക്കര്‍ബര്‍ഗ് പറയുന്നു.
സക്കര്‍ബര്‍ഗിന്‍റെ പോസ്റ്റിന് താഴെ നിരവധി പേരാണ് പുതിയ ബിസിനസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ വീഗനായ ഭക്ഷണപ്രേമികള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. സക്കര്‍ബര്‍ഗ് കപടമുഖമുള്ളയാളാണെന്നും വിശേഷിപ്പിച്ചു. ഒരു വശത്ത് ടെക് കോടീശ്വരന്‍ കന്നുകാലികളെ പരിപാലിക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായി അവയെ തന്‍റെ തീന്‍മേശയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നും കുറ്റപ്പെടുത്തി.