ഇസ്രായേൽസേനയ്ക്ക് സൗജന്യ ഭക്ഷണം പ്രഖ്യാപിച്ച് മക്‌ഡൊണാൾഡ്‍സ്; വൻ വിമർശനം, ബഹിഷ്ക്കരണാഹ്വാനം
മക്‌ഡൊണാൾഡ്‍സ് ഔട്ട്‌ലെറ്റുകളിലെത്തുന്ന സൈനികർക്ക് എല്ലാ വിഭവങ്ങൾക്കും 50 ശതമാനം ഇളവും നൽകുന്നുണ്ട്
തെൽഅവീവ്: ഗസ്സയ്ക്കുനേരെ ആക്രമണം തുടരുന്ന ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണ വിതരണവുമായി മക്‌ഡൊണാൾഡ്‍സ്. ദിവസവും 4,000 ഭക്ഷണപ്പൊതികളാണു ഭക്ഷ്യശൃംഖല സൈനികർക്കു നൽകുന്നത്. മക്‌ഡൊണാൾഡ്‍സ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതിൽ കമ്പനിക്കെതിരെ വലിയ തോതിൽ പ്രതിഷേധവും ശക്തമാകുകയാണ്.
മക്‌ഡൊണാൾഡ്‍സ് ഇസ്രായേൽ വിഭാഗം ആണ് ഇൻസ്റ്റഗ്രാമിൽ സൗജന്യ ഭക്ഷണവിതരണത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ചത്. ''ഇസ്രായേൽ പ്രതിരോധസേനയ്ക്കും പൊലീസിനും ആശുപത്രികൾക്കും (ഗസ്സ) മുനമ്പിനടുത്തുള്ള താമസക്കാർക്കും മുഴുവൻ രക്ഷാപ്രവർത്തകർക്കും ആയിരക്കണക്കിനു ഭക്ഷണസാധനങ്ങൾ സംഭാവനയായി നൽകിയിട്ടുണ്ട്. അത് ഇനിയും തുടരുകയും ചെയ്യും. രാജ്യത്തുടനീളമുള്ള നമ്മുടെ സൈനികർക്ക് ഭക്ഷണം നൽകുന്നതു തുടരും. ഇതിനു പുറമെ ഞങ്ങളുടെ ശാഖകളിലെത്തുന്ന സുരക്ഷാ ജീവനക്കാർക്കും സൈനികർക്കും 50 ശതമാനം ഇളവും നൽകുന്നുണ്ട്.''-ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
സൈനികർക്കു സഹായം നൽകാനായി മാത്രം അഞ്ച് റെസ്റ്ററന്റുകൾ തുറന്നിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ദിവസവും 4,000 ഭക്ഷണം നൽകാനാണു പദ്ധതിയെന്നും മക്‌ഡൊണാൾഡ് അറിയിച്ചു. മക്‌ഡൊണാൾഡ്‍സിന്റെ ഭക്ഷണപ്പൊതികൾ വാഹനങ്ങളിലെത്തിച്ചാണു സൈനികർക്കു വിതരണം ചെയ്യുന്നത്. ദക്ഷിണ ഇസ്രായേലിലെ സൈനിക താവളത്തിലേക്ക് അയക്കാനായി മക്‌ഡൊണാൾഡ്‍സ് ജീവനക്കാർ ഭക്ഷണപ്പൊതികൾ ഒരുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, കമ്പനിയുടെ നടപടി വൻ വിമർശനമാണു വിളിച്ചുവരുത്തിയിരിക്കുന്നത്. BoycottMcDonalds എന്ന ഹാഷ്ടാഗോടെ കമ്പനിയെ ബഹിഷ്‌ക്കരിക്കാൻ സോഷ്യൽ മീഡിയ കാംപയിൻ സജീവമാണ്. മുൻ ബ്രിട്ടീഷ് പാർലമെന്റ് അംഗം ജോർജ് ഗാല്ലോവേ ഉൾപ്പെടെ മക്‌ഡൊണാൾഡ്‍സ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Summary: McDonald's faces backlash for donating free meals to Israeli forces amid ongoing conflict