മെക്‌സിക്കൻ മയക്കുമരുന്ന് രാജാവ് 'എൽ മായോ'യും എൽ ചാപോയുടെ മകനും യു.എസിൽ അറസ്റ്റിൽ
വ്യാഴാഴ്ച ടെക്‌സസിൽവച്ചാണ് ഇവർ പിടിയിലായതെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു.
ടെക്‌സസ്: മെക്‌സിക്കൻ മയക്കുമരുന്ന് രാജാവ് ഇസ്മായീൽ 'എൽ മായോ' സംബാദയും അദ്ദേഹത്തിന്റെ മുൻ ബിസിനസ് പാർട്ണർ ജാക്വിൻ 'എൽ ചാപോ' ഗുസ്മാന്റെ മകനും യു.എസിൽ അറസ്റ്റിൽ. വ്യാഴാഴ്ച ടെക്‌സസിൽവച്ചാണ് ഇവർ പിടിയിലായതെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും അക്രമാസക്തവും ശക്തവുമായ മയക്കുമരുന്ന് കടത്ത് സംഘടനകളിലൊന്നായ സിനലോവ കാർട്ടലിന്റെ രണ്ട് നേതാക്കളെ തങ്ങൾ കസ്റ്റഡിയിലെടുത്തെന്ന് നീതിന്യായ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. ഇരുവരും യു.എസിൽ രജിസ്റ്റർ ചെയ്യപ്പെട്ട നിരവധി കേസുകളിൽ പ്രതികളാണ്.
റോയിട്ടേഴ്‌സ് ആണ് ഗുസമാൻ ലോപ്പസിന്റെയും സാംബദയുടെയും അറസ്റ്റ് ആദ്യം റിപ്പോർട്ട് ചെയ്തത്. സ്വകാര്യ വിമാനത്തിൽ എത്തിയ ഇരുവരെയും തടഞ്ഞുവച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മെകിസ്‌ക്കൻ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ ലഹരിക്കടത്തുകാരിൽ ഒരാളണ് സംബാദ. അദ്ദേഹത്തിന്റെ പാർടണറും സിനലോവ കാർടർ സഹസ്ഥാപകനുമായ എൽ ചാപോ 2017ൽ യു.എസിൽ അറസ്റ്റിലായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എൽ ചാപോ അതീവ സുരക്ഷാ ജയിലിൽ തടവിൽ കഴിയുകയാണ്.
എൽ ചാപോയുടെ അറസ്റ്റിന് ശേഷം അദ്ദേഹത്തിന്റെ നാല് മക്കളാണ് ക്രിമിനൽ സാമ്രാജ്യത്തെ നിയന്ത്രിക്കുന്നത്. യു.എസിലേക്ക് വൻ തോതിൽ ഫെന്റാനിൽ കയറ്റിയക്കുന്നത് ഇവരാണ്.