മുജീബുറഹ്മാന്റെ ഓർമദിനം: ബംഗ്ലാദേശിൽ ഹസീന അനുകൂലികളും വിദ്യാർഥികളും വീണ്ടും ഏറ്റുമുട്ടി

വിദ്യാർഥികൾ മുളവടിയുൾപ്പെടെയുള്ള ആയുധങ്ങളുമായി ഹസീനയുടെ തറവാട് വീട്ടിലേക്ക് മാർച്ച് നടത്തി.

Update: 2024-08-15 08:47 GMT
Advertising

ധാക്ക: രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അനുയായികളും പ്രതിഷേധക്കാരായ വിദ്യാർഥികളും വീണ്ടും ഏറ്റുമുട്ടി. ഓഗസ്ത്‌ 15ന് ശൈഖ് ഹസീനയുടെ പിതാവും പ്രസിഡന്റുമായിരുന്ന ശൈഖ് മുജീബുറഹ്മാൻ കൊല്ലപ്പെട്ടതിന്റെ വാർഷികമായിരുന്നു. ഹസീന അനുകൂലർക്കും അവാമി ലീഗ് പാർട്ടിയെ പിന്തുണയ്ക്കുന്നവർക്കും വീണ്ടും ഒത്തുച്ചേരാ‍ൻ മുജീബുറഹ്മാന്റെ വാർഷികാഘോഷം കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥി പ്രക്ഷോഭകർ ഇന്ന് തെരുവ് കൈയ്യടക്കിയത്. ഹസീന അനുകൂലർക്ക് വീണ്ടും സംഘടിക്കാനുള്ള അവസരം ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു വിദ്യാർഥികളുടെ ലക്ഷ്യം.

ഹസീന അധികാരത്തിലിരിക്കവേയാണ് ഓഗസ്ത്‌ 15 ദേശീയ അവധിയായി പ്രഖ്യാപിച്ചത്. സൈനിക അട്ടിമറിക്കിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ദുഃഖാചരണത്തിൻ്റെ പേരിൽ അരാജകത്വം സൃഷ്ടിക്കാൻ അവാമി ലീഗ് ശ്രമിക്കുമെന്ന് പ്രമുഖ വിദ്യാർഥി നേതാവ് സർജിസ് ആലം ​​കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഏത് രീതിയിലുള്ള ശക്തി പ്രകടനവും തടയുമെന്നും അദ്ദേഹം പറഞ്ഞു. തെരുവിലിറങ്ങിയ നൂറുകണക്കിന് വിദ്യാർഥികൾ മുളവടിയുൾപ്പെടെയുള്ള ആയുധങ്ങളുമായി മാർച്ച് നടത്തി. ഹസീനയുടെ പിതാവും ബന്ധുക്കളും വെടിയേറ്റ് മരിച്ച തറവാട്ടിലേക്കും വിദ്യാർത്ഥികൾ മാർച്ച് നടത്തി.

പൊടുന്നനെ രാജ്യംവിട്ടതിന് ശേഷമുള്ള ആദ്യ പരസ്യ പ്രസ്താവനയിൽ മുജീബുറഹ്മാന്റെ ഓർമദിനത്തിൽ പുഷ്പമാലകൾ അർപ്പിക്കാനും പ്രാർഥിക്കാനും ഹസീന ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഹസീന പ്രധാനമന്ത്രി പദവിയിലിരിക്കുമ്പോൾ പിതാവിൻ്റെ ഓർമദിനത്തിൽ സംഘടിപ്പിച്ചിരുന്ന പൊതു പ്രകടനങ്ങളിൽ ഉദ്യോഗസ്ഥർ പങ്കെടുക്കേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ അധികാരത്തിലുള്ള ഇടക്കാല സർക്കാർ അവധി ദിനം ആചരിക്കുന്നത് റദ്ദാക്കുകയും മുഴുവൻ ഉദ്യോഗസ്ഥരോടും ഓഫീസിൽ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കുറച്ചുകാലമായി തുടരുന്ന കലാപത്തെ തുടർന്ന് രണ്ട് മുതിർന്ന അവാമി ലീഗ് സഖ്യകക്ഷി നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ കൊലപാതകത്തിന് കേസെടുത്തതിന് മണിക്കൂറുകൾക്ക് ശേഷം ഹസീന പ്രസ്താവനയിറക്കിയിരുന്നു. അക്രമണത്തെകുറിച്ച് അന്വേഷിക്കണമെന്നും കുറ്റവാളികളെ തിരിച്ചറിഞ്ഞ് ശിക്ഷിക്കണമെന്നും ഹസീന പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പ​ങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം ​സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെയാണ് ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയത്. പ്രക്ഷോഭം ആരംഭിച്ചത് സംവരണനിയമത്തിനെതിരെയാണെങ്കിലും സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം മുദ്രാവാക്യങ്ങളായി മാറി. സർക്കാർ വിരുദ്ധ പ്ര​​​ക്ഷോഭത്തിൽ ഇതുവരെ 300ലധികം പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News