Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട സ്വർണ ഖനിയിൽ അനധികൃതമായി ഖനനം ചെയ്ത 100ഓളം പേർ മരിച്ചു. 500ഓളം പേർ ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മാസങ്ങളോളം മണ്ണിനടിയിൽ കുടുങ്ങിയ ഇവർ പട്ടിണി മൂലമോ നിർജ്ജലീകരണം മൂലമോ മരിച്ചതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രക്ഷപ്പെടുത്തിയ ചില ഖനിത്തൊഴിലാളികളുടെ കയ്യിൽ നിന്ന് ലഭിച്ച ഒരു മൊബൈൽ ഫോണിൽ നിരവധി മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞതായി കാണിക്കുന്ന രണ്ട് വീഡിയോകൾ ഉണ്ടായിരുന്നു എന്ന് ആക്ഷൻ ഗ്രൂപ്പിലെ മൈനിംഗ് അഫക്ടഡ് കമ്മ്യൂണിറ്റീസ് യുണൈറ്റഡിൻ്റെ വക്താവ് സബെലോ എംഗുനി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി ഖനിയിൽ നിന്ന് 18 മൃതദേഹങ്ങൾ പുറത്തെടുക്കുകയും 26 പേരെ രക്ഷിക്കുകയും ചെയ്തതായി എംഗുനി അറിയിച്ചു. തിങ്കളാഴ്ച വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചതിന് ശേഷം എത്ര മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും എത്ര പേരെ രക്ഷിച്ച് പുറത്തെത്തിച്ചുവെന്നും സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് വക്താവ് ബ്രിഗ് സെബാറ്റ മോക്‌വാബോൺ പറഞ്ഞു.
രണ്ട് മാസം മുമ്പ് ഖനിത്തൊഴിലാളികളെ ബലം പ്രയോഗിച്ച് പുറത്താക്കാനും ഖനി അടച്ചുപൂട്ടാനും അധികാരികൾ ശ്രമിച്ചത് പൊലീസും ഖനിത്തൊഴിലാളികളും തമ്മിലുള്ള സംഘർഷത്തിന് വഴിയൊരുക്കിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ അനധികൃത ഖനനം സാധാരണമാണ്.