സൈക്കിൾ ചവിട്ടി പ്രസവമുറിയിലേക്ക്; ന്യൂസിലന്‍ഡ് എം.പി വീണ്ടും വാർത്തയിൽ

ജൂലി ആന്‍ ജെന്‍റര്‍ ആദ്യ പ്രസവത്തിനായി ആശുപത്രിയിലെത്തിയതും സൈക്കിളിലായിരുന്നു

Update: 2021-11-28 07:16 GMT
Advertising

ഗര്‍ഭിണികള്‍ സൈക്കിള്‍ ചവിട്ടുന്നത് ഒരു ശ്രമകരമായ ദൗത്യമാണ്, പൂര്‍ണ ഗര്‍ഭിണിയാണെങ്കില്‍ പറയുകയേ വേണ്ട..എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്‍റ് അംഗം ജൂലി ആന്‍ ജെന്‍റര്‍. നിറവയറുമായി സൈക്കിള്‍ ചവിട്ടിയാണ് ജൂലി പ്രസവത്തിനായി ആശുപത്രിയിലെത്തിയത്. കേവലം ഒരു മണിക്കൂറിന് ശേഷം ഇന്നു പുലര്‍ച്ചെ 03.04ന് ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. 

തനിക്കൊരു പെണ്‍കുഞ്ഞ് പിറന്ന കാര്യം ഫേസ്ബുക്കിലൂടെയാണ് ജൂലി അറിയിച്ചത്. "ഇന്ന് പുലർച്ചെ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഞങ്ങൾ സ്വാഗതം ചെയ്തു. ഞാൻ യഥാർഥത്തിൽ പ്രസവസമയത്ത് സൈക്കിൾ ചവിട്ടാൻ പദ്ധതിയിട്ടിരുന്നില്ല, പക്ഷേ അത് സംഭവിച്ചു," ജൂലിയുടെ പോസ്റ്റില്‍ പറയുന്നു. കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നതായും സങ്കീര്‍ണതകളൊന്നുമില്ലാതെയായിരുന്നു പ്രസവമെന്നും ജൂലി അറിയിച്ചു.

Full View

ഇതാദ്യമായല്ല ജൂലി ആന്‍ ജെന്‍റര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. തന്‍റെ ആദ്യ പ്രസവസമയത്തും ജൂലി ആശുപത്രിയിലെത്തിയത് സൈക്കിളിലായിരുന്നു. 2018ലായിരുന്നു സംഭവം. അന്ന് കൂടെ ഉള്ളവര്‍ക്ക് കാറിലിരിക്കാന്‍ സാധിക്കില്ലെന്ന് കണ്ടാണ് താനും ഭര്‍ത്താവും സൈക്കിള്‍ ചവിട്ടി ആശുപത്രിയിലെത്തിയതെന്നായിരുന്നു ജൂലി പ്രതികരിച്ചത്. വീട്ടില്‍ നിന്നും ഒരു കിലോമിറ്റര്‍ അകലെയുള്ള ആക്ലാന്‍ സിറ്റി ഹോസ്പിറ്റല്‍ വരെയാണ് സൈക്കിള്‍ ചവിട്ടിയത്. സൈക്കിളിലെ യാത്ര തന്റെ മാനസികാവസ്ഥ പോസിറ്റീവാക്കിയെന്നും ജൂലി അന്ന് സമൂഹ മാധ്യമങ്ങള്‍ വഴി വ്യക്തമാക്കിയിരുന്നു.  

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ തന്റെ കന്നി പ്രസവത്തിനു ശേഷം വിശ്രമം കഴിയും മുമ്പേ ജോലിയില്‍ പ്രവേശിപ്പിച്ച കാര്യവും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഔദ്യോഗിക പദവിയില്‍ ഇരിക്കവേ പ്രസവിക്കുന്ന ലോകത്തിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജസീന്ത. 1990ല്‍ ബേനസീര്‍ ഭൂട്ടോയാണ് ഔദ്യോഗിക പദവിയില്‍ വച്ചു കുഞ്ഞിനു ജന്മം നല്‍കിയ ആദ്യത്തെ വനിതാ നേതാവ്.

New Zealand Politician Cycles To Hospital In Labour, Gives Birth 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News