2025ഓടെ പുകവലിമുക്ത രാജ്യമാകാൻ ന്യൂസിലൻഡ്; പുതിയ തലമുറയ്ക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചു
മൂന്നുവർഷം കൊണ്ട് രാജ്യത്തെ പൂർണമായും പുകവലിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു
വെല്ലിങ്ടൺ: 2025ഓടെ പുകവലിമുക്ത രാജ്യമാകാൻ ന്യൂസിലൻഡ്. പുതിയ തലമുറയ്ക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബിൽ ന്യൂസിലൻഡ് പാർലമെന്റ് പാസാക്കി. ഇതാദ്യമായാണ് ഒരു രാജ്യം പൂർണമായും പുകവലി നിരോധനം ഏർപ്പെടുത്തുന്നത്.
43നെതിരെ 76 വോട്ടിനാണ് ബിൽ ന്യൂസിലൻഡ് പാർലമെന്റ് പാസാക്കിയത്. 2009 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതാണ് ബില്ലിൽ നിരോധിച്ചത്. പുകയില ഉൽപന്നങ്ങൾ വിൽക്കാൻ അനുമതിയുള്ള ചില്ലറവ്യാപാരികളുടെ എണ്ണം കുത്തനെ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 6,000 ഉണ്ടായിരുന്നത് 600 ആയാണ് കുറച്ചത്. പുകയില ഉൽപന്നങ്ങളിൽ അനുവദനീയമായ നിക്കോട്ടിന്റെ തോതും കുറച്ചിട്ടുണ്ട്. അടുത്ത വർഷം മുതൽ നിയമം പ്രാബല്യത്തിൽ വരും.
മൂന്നുവർഷം കൊണ്ട് രാജ്യത്തെ പൂർണമായും പുകവലിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഉപയോഗിക്കുന്നവരിൽ പകുതിപേരുടെയും ജീവനെടുക്കുന്ന ഒരു ഉൽപന്നം വിൽക്കാനുള്ള അനുമതി നൽകാൻ ഒരു നല്ല കാരണവുമില്ലെന്ന് ന്യൂസിലൻഡ് ആരോഗ്യ സഹമന്ത്രി ഡോ. അയേഷ വൈറാൾ പാർലമെന്റിൽ പറഞ്ഞു. അധികം വൈകാതെ പുകവലി രാജ്യത്തുനിന്ന് തുടച്ചുനീക്കുമെന്നും അവർ സൂചിപ്പിച്ചു.
അർബുദം, ഹൃദയാഘാതം അടക്കം പുകവലി കാരണമുണ്ടാകുന്ന രോഗങ്ങൾ ചികിത്സിക്കാൻ ചെലവിടുന്ന കോടികൾ ഈ വകയിൽ ലാഭിക്കാനാകുമെന്ന് മന്ത്രി പറയുന്നു. ബിൽ രാജ്യത്ത് വലിയൊരു തലമുറമാറ്റം സൃഷ്ടിക്കും. യുവതലമുറയ്ക്കിടയിൽ പുതിയൊരു ചരിത്രമാകുമെന്നും മന്ത്രി അയേഷ കൂട്ടിച്ചേർത്തു.
Summary: New Zealand passed into law a unique plan to phase out tobacco smoking by imposing a lifetime ban on young people buying cigarettes.The law states that tobacco can't ever be sold to anybody born on or after January 1, 2009.