'പുതിയ തീരുവ വേണ്ട': ചൈനക്കെതിരായ നീക്കത്തിൽ മസ്‌ക്, 'അനങ്ങാതെ' ട്രംപ്
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി


ന്യൂയോര്‍ക്ക്: ചൈനീസ് ഇറക്കുമതിക്ക് ഏർപ്പെടുത്താനൊരുങ്ങുന്ന പുതിയ തീരുവ പിൻവലിക്കണമെന്ന് വ്യവസായിയും കാര്യക്ഷമതാ വകുപ്പിന്റെ മേധാവിയുമായ എലോൺ മസ്‌ക്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വാഷിംഗ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപുമായുള്ള സ്വകാര്യ സംഭാഷണത്തിലാണ് മസ്ക് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിലൂടെ തന്റെ എതിർപ്പ് മസ്ക് പ്രകടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് മസ്ക് ട്രംപിനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിജയിച്ചിട്ടില്ലെന്നും പറയപ്പെടുന്നു.
തന്റെ കമ്പനിയായ ടെസ്‌ലയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ തീരുവ ചുമത്തുന്നതിനെതിരെ മസ്‌ക് രംഗത്തുണ്ട്. ഇതിന്റെ പേരിൽ ട്രംപിന്റെ ടീമുമായി മസ്‌ക് ഉടക്കിയെന്നും വാർത്തകളുണ്ടായിരുന്നു. താരിഫ് നയത്തിന് ഉത്തരവാദിയായ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നവാരോയ്‌ക്കെതിരെ മസ്‌ക് ആഞ്ഞടിച്ച് സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഇന്നലെയാണ് ഭീഷണിപ്പെടുത്തിയത്. ചൈന അമേരിക്കക്കെതിരെ പ്രഖ്യാപിച്ച 34 ശതമാനം പകരം തീരുവ പിൻവലിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. അല്ലെങ്കിലാണ് 50 ശതമാനം അധിക തീരുവ ചുമത്തുമെന്നുള്ള ട്രംപിന്റെ ഭീഷണി. അതേസമയം അമേരിക്കയ്ക്ക് മേല്‍ ചൈന 34 ശതമാനം തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയുടെ ഒരു ഭീഷണിക്കും വഴങ്ങില്ലെന്നാണ് ചൈന ആവര്‍ത്തിക്കുന്നത്.
അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്‌ക്കാനെന്ന പേരിലാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് 10 മുതൽ 49 ശതമാനം വരെ ഇറക്കുമതി ചുങ്കം ചുമത്തിയത്. ഇതിന് പകരം ആ രാജ്യങ്ങളും തീരുവ ചുമത്തിയതോടെ, ആശങ്ക നിലനില്‍ക്കുകയാണ്.