'അമേരിക്കയുമായുള്ള പഴയ ബന്ധം അവസാനിച്ചു'; കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഹനങ്ങൾക്ക് ഉയർന്ന താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കാർണിയുടെ പ്രതികരണം


ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിലുള്ള പഴയ ബന്ധം അവസാനിച്ചുവെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഇരു രാജ്യങ്ങളും ആഴത്തിലുള്ള സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഹനങ്ങൾക്ക് ഉയർന്ന താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കാർണിയുടെ പ്രതികരണം.
അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് ട്രംപ് തീരുമാനിച്ച 25 ശതമാനം തീരുവ അടുത്ത ആഴ്ച പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. ഇത് ഏകദേശം 500,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കനേഡിയൻ ഓട്ടോ വ്യവസായത്തിന് കനത്ത തിരിച്ചടി ഉണ്ടാക്കിയേക്കുമെന്നാണ് വിദഗ്ദർ കരുതുന്നത്.
അമേരിക്കയുമായുള്ള ബന്ധം ട്രംപ് ശാശ്വതമായി മാറ്റിമറിച്ചെന്നും, ഭാവിയിൽ എന്തെങ്കിലും വ്യാപാര കരാറുകൾ ഉണ്ടായാലും ഈ വസ്തുത മാറില്ലെന്നും കനേഡിയക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കാർണി വ്യക്തമാക്കി. ട്രംപിന്റെ വാഹന താരിഫുകൾ ന്യായീകരിക്കാനാവാത്തതാണ്. അവ രാജ്യങ്ങൾ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോ താരിഫുകൾക്ക് കാനഡ പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ താരീഫ് പ്രഖ്യാപനത്തിനുശേഷം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കാർണി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഉടൻ തന്നെ അദ്ദേഹം ഒട്ടാവയിലേക്ക് മടങ്ങുകയും അമേരിക്കയുമായുള്ള വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാബിനറ്റ് അംഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 14 നാണ് ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരം കാർണി കനേഡിയൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.