ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ; ഇന്നലെ മാത്രം മരിച്ചത് അറുപതിലേറെ പേർ
വെടിനിർത്തൽ കരാറിൽ വ്യക്തത വരാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് അമേരിക്കയോട് ഇസ്രായേൽ വ്യക്തമാക്കി
തെല്‍ അവിവ്: ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഇന്നലെ മാത്രം അറുപതിലേറെ പേർ മരിച്ചു. വെടിനിർത്തൽ കരാറിൽ വ്യക്തത വരാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് അമേരിക്കയോട് ഇസ്രായേൽ വ്യക്തമാക്കി. ഗസ്സയിലെ ആസൂത്രിത നരഹത്യയുടെ ഉത്തരവാദിത്തം അമേരിക്കക്കാണെന്ന് ഹമാസ് പറഞ്ഞു. അതേസമയം വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാൻ വൈകരുതെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്.
ഇന്നലെ രാത്രി ഒരു മണിക്കൂറിനിടെ നടന്ന മൂന്ന് ആക്രമണങ്ങളിലായി 44 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു കൂടുതൽ ആക്രമണങ്ങളും. ഖാൻ യൂനുസ്, ദേർ ബലാഹ്, ശുജാഇയ എന്നിവിടങ്ങളിലും നിരവധി ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. റഫയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ സൈന്യത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്നതായി ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. ലക്ഷക്കണക്കിന് ഫലസ്തീൻ അഭയാർഥികൾക്ക് ഭക്ഷണവും കുടിവെള്ളവുമുൾപ്പെടെ എത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഗസ്സയിലെ ആസ്ഥാനം ഉൾപ്പെടെ നിരവധി കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമണത്തിൽ തകർന്നു.
'യുനർവ' കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം ഞെട്ടിക്കുന്നതും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ശക്തമായ ലംഘനമാണെന്നും ഏജൻസി തലവൻ ഫിലിപ്പ് ലസ്സാറിനി പറഞ്ഞു. യുനർവ നടത്തുന്ന ഗസ്സയിലെ എഴുപത് ശതമാനം സ്കൂളുകളും ഇസ്രായേൽ സേന തകർത്തു. ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 160 ആയി ഉയർന്നു. ദക്ഷിണ ലബനാനു നേർക്ക് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച വാഷിങ്ടണിൽ നെതന്യാഹു, ബൈഡൻ ചർച്ച നടക്കാനിരിക്കെ, ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്ക നടപടി ഊർജിതമാക്കി. എന്തു വില കൊടുത്തും വെടിനിർത്തൽ യാഥാർഥ്യമാക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ചതായി യു.എസ് സ്റ്റേറ്റ് വകുപ്പ് വ്യക്തമാക്കി. യുദ്ധാനന്തര ഗസ്സയുടെ ഭാവിയെ കുറിച്ച ഗൗരവപൂർണമായ ചർച്ചകളിലാണ് ഇസ്രായേലെന്നും സ്റ്റേറ്റ് വകുപ്പ് ചൂണ്ടിക്കാട്ടി. എന്നാൽ വെടിനിർത്തലിൽ വ്യക്തതക്കായി രണ്ടാഴ്ച വേണ്ടിവരുമെന്ന് സുരക്ഷാ വിഭാഗം അമേരിക്കയെ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ, ഉടൻ വെടിനിർത്തൽ വേണം എന്നാവശ്യപ്പെട്ട് തെൽ അവീവിലും ജറൂസലമിലും ആയിരങ്ങൾ പ്രകടനം നടത്തി. നെതന്യാഹുവിനെ വെടിനിർത്തലിന് പ്രേരിപ്പിക്കണമെന്ന് ബന്ദികളുടെ ബന്ധുക്കളോട് പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.