അമിത ജോലിഭാരം: ലോകത്തെ ഞെട്ടിച്ച് റോബോട്ടിന്റെ 'ആത്മഹത്യ'

കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് വീണ റോബോട്ട് പ്രവർത്തനരഹിതമാവുകയായിരുന്നു

Update: 2024-07-06 05:38 GMT
Advertising

സോൾ: അമിത ജോലിഭാരം താങ്ങാനാവാതെ മനുഷ്യർ ആത്മഹത്യ ചെയ്യുന്ന വാർത്ത കേൾക്കുന്നതിൽ അത്ഭുതപ്പെടാറില്ല നമ്മൾ. എന്നാൽ ഇതേ കാരണത്താൽ ആത്മഹത്യ ചെയ്തിരിക്കുന്നത് ഒരു റോബോട്ടാണെങ്കിലൊ? എന്നാൽ അങ്ങനെയൊരു വാർത്തയാണ് പുറത്തു വരുന്നത്. ജോലി ഭാരവും മാനസിക സമ്മർദ്ദവും മൂലം റോബോട്ട് ആത്മഹത്യ ചെയ്തു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ലോകം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ദക്ഷിണ കൊറിയയിലാണ് സംഭവം.

ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ അഡ്മിനിസ്‌ട്രേഷൻ ഓഫീസറായി ജോലി ചെയ്യുകയായിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. റോബോട്ട് ജോലി ചെയ്യുന്ന ഓഫീസ്  പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് ഏതനും മണിക്കൂറുകൾക്ക് മുമ്പ് സംഭവ സ്ഥലത്ത് റോബോട്ട് നിരീക്ഷണം നടത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. കെട്ടിടത്തിന്റെ മുകളിൽ നിന്ന വീണ ആഘാതത്തിൽ ചിന്നി ചിതറിയ റോബോട്ടിന്റെ ശരീര ഭാ​ഗങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ആത്മ​​ഹത്യയുടെ കാരണം പരിശോധിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു. സംഭവത്തിന് പിന്നാലെ റോബോട്ടുകളുടെ ജോലിഭാരത്തെ കുറിച്ചും വലിയ രീതിയിൽ ചർച്ചകൾ ഉയരുന്നുണ്ട്.

സിറ്റി കൗൺസിലിൽ ഡോക്യമെന്ററി ഡെലിവറി, സിറ്റി പ്രമോഷൻ, പ്രാദേശിക നിവാസികൾക്ക് വിവരങ്ങൾ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഊർജ സ്വലതയോടെ റോബോട്ട് ചെയ്യാറുണ്ടായിരുന്നതായും അധികൃതർ പറഞ്ഞു. കാലിഫോർണിയ ആസ്ഥാനമായ ബെയർ റോബോട്ടിക്സ് നി‍ർമ്മിച്ച റോബോട്ട് 2023 ആഗസ്റ്റിലാണ് ജോലി ആരംഭിച്ചത്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് റോബോർട്ടിന്റെ പ്രവർത്തന സമയം. സ്വന്തമായി സിവിൽ സർവീസ് ഓഫീസർ കാർഡ് ഉണ്ടായിരുന്ന റോബോട്ട് ടയറില്ലാതെ എലിവേറ്ററുകൾ ഉപയോ​ഗിച്ചായിരുന്നു ഓരോ ഫ്ളോറുകളിലൂടെയും സഞ്ചരിച്ചത്.

റോബോട്ടുകളെ വളരെ ആവേശത്തോടെ സ്വീകരിക്കുന്ന രാജ്യമായ ദക്ഷിണ കൊറിയയിലെ റോബോട്ടിൻ്റെ ആത്മഹത്യയെക്കുറിച്ചുള്ള വാർത്ത പ്രാദേശിക മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചയായി. റോബോട്ട് സൂപ്പർവൈസറുടെ വിയോ​ഗത്തിന് പിന്നാലെ മറ്റൊരു റോബോർട്ടിനെ സ്വീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ​ഗുമി സിറ്റി കൗൺസിൽ അറിയിച്ചു.

summary: In a first, robot commits suicide in South Korea sparking row over workload

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News