വാടക നൽകിയില്ല; പാക് വിമാനം പിടിച്ചിട്ട് മലേഷ്യ
കമ്പനിക്ക് തുക കൃത്യമായി നൽകിയതാണെന്നാണ് പാകിസ്താന്റെ വാദം
ക്വാലാലംപൂർ: വാടക നൽകാഞ്ഞതിനെ തുടർന്ന് പാക് വിമാനം തടഞ്ഞുവെച്ച് മലേഷ്യ. പാകിസ്താൻ എയർലൈൻസിന് കീഴിലുള്ള ബോയിങ് 777 ജെറ്റ് വിമാനമാണ് ക്വാലാലംപൂരിൽ പിടിച്ചിട്ടത്. മെയ് 29നായിരുന്നു സംഭവം.
വിമാനം വാടകയ്ക്കും മറ്റും നൽകുന്ന എയർക്യാപ് ഹോൾഡിംഗ്‌സ് എന്ന ലീസിങ് കമ്പനി നൽകിയ പരാതിയിൽ മലേഷ്യൻ കോടതിയാണ് വിമാനം പിടിച്ചിടാൻ ഉത്തരവിട്ടത്. എന്നാൽ, കമ്പനിക്ക് തുക കൃത്യമായി നൽകിയതാണെന്നാണ് പാകിസ്താന്റെ വാദം. മലേഷ്യയുടെ നീക്കത്തിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്ന് പാക് വക്താവ് അബ്ദുല്ല ഹഫീസ് ഖാൻ അറിയിച്ചു. സംഭവത്തെത്തുടർന്ന്, പ്രതിസന്ധിയിലായ യാത്രക്കാരെ മറ്റൊരു വിമാനത്തിലാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
സംഭവത്തിൽ എയർക്യാപ് അധികൃതർ പ്രതികരിച്ചിട്ടില്ല. വ്യാജ പൈലറ്റ് ലൈസൻസിന്റെ പേരിൽ യൂറോപ്യൻ യൂണിയൻ പാകിസ്താനിൽ നിന്നുള്ള വിമാനങ്ങൾ നിരോധിച്ചതോടെ വൻ പ്രതിസന്ധിയിലാണ് പാക് എയർലൈൻസ്.