ഫലസ്തീന്റെ യു.എൻ അംഗത്വം: പിന്തുണ അറിയിച്ച് ചൈനയും ഇന്തോനേഷ്യയും

ഫലസ്തീന്റെ അംഗത്വം സംബന്ധിച്ച് യു.എൻ സുരക്ഷാ കൗൺസിലിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്

Update: 2024-04-18 14:47 GMT
Advertising

ന്യൂയോർക്ക്: യു.എൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പിന് മുന്നോടിയായി, ഫലസ്തീൻ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നതിന് പിന്തുണ പ്രഖ്യാപിച്ച് ചൈനയും ഇന്തോനേഷ്യയും. ഐക്യരാഷ്ട്രസഭയിൽ ഫലസ്തീന്റെ പൂർണ അംഗത്വത്തിന് ചൈനയും ഇന്തോനേഷ്യയും പിന്തുണ നൽകുമെന്ന് ജക്കാർത്തയിൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെത്‌നോ മർസുദി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്ക അഹംഭാവം മാറ്റിവെച്ച് അന്താരാഷ്ട്ര സമൂഹം പറയുന്നത് ശ്രദ്ധയോടെ കേൾക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. അമേരിക്കൻ നേതൃത്വം അടിസ്ഥാന അറിവ് പഠിക്കണമെന്നാണ് താൻ വിശ്വസിക്കുന്നത്.

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യു.എൻ സുരക്ഷാ സമിതിയിലെ പ്രമേയത്തിൽ നിന്ന് അമേരിക്ക വിട്ടുനിന്നത് ലോകം ​​ഞെട്ടലോടെയാണ് കണ്ടത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര നിയമം അവർ ആഗ്രഹിക്കുന്നതുപോലെ ഉപയോഗിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്. സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങൾ എല്ലാ യു.എൻ അംഗങ്ങൾക്കും ബാധകമാണെന്നാണ് യു.എൻ ചാർട്ടർ പറയുന്നതെന്നും വാങ് കൂട്ടിച്ചേർത്തു.

ഫലസ്തീന് സമ്പൂർണ യു.എൻ അംഗത്വം ലഭിക്കാനുള്ള കരട് പ്രമേയത്തിൽ യു.എൻ രക്ഷാസമിതിയിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. പ്രമേയം പാസാകാൻ ഒമ്പത് വോട്ടുകൾ അനുകൂല വോട്ടുകൾ ആവശ്യമാണ്. കൂടാതെ യു.എസ്, യു.കെ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ അഞ്ച് സ്ഥിരാംഗങ്ങളിൽ ആരും എതിർത്ത് വോട്ട് ചെയ്യാനും പാടില്ല. പ്രമേയം പാസായാൽ, ഫലസ്തീന് പൂർണ അംഗത്വം ലഭിക്കാൻ 193 അംഗ യു.എൻ ജനറൽ അസംബ്ലിയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ട് ആവശ്യമായി വരും.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News