ഇസ്രായേല്‍ ജയിലില്‍ ഫലസ്തീന്‍ കൗമാരക്കാരന്‍ മരിച്ചത് പട്ടിണി കാരണമെന്ന് ഡോക്ടർ
17കാരനാനായ വലീദ് അഹമ്മദാണ് കഴിഞ്ഞ മാസം ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചത്


തെല്‍ അവിവ്: ഇസ്രായേല്‍ ജയിലില്‍ ഫലസ്തീന്‍ കൗമാരക്കാരന്‍ മരിച്ചത് പട്ടിണി കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം നേരില്‍കണ്ട ഡോക്ടറുടെ വെളിപ്പെടുത്തല്‍. 17കാരനാനായ വലീദ് അഹമ്മദാണ് കഴിഞ്ഞ മാസം മെഗിദ്ദോ ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചത്. കുറ്റങ്ങളൊന്നും ചുമത്താതെയായിരുന്നു വലീദ് അഹമ്മദിനെ ഇസ്രായേല്‍ ആറുമാസം ജയിലിലടച്ചത്.
വലീദിന് കടുത്ത പോഷകാഹാരക്കുറവ് അനുഭവപ്പെട്ടിരുന്നെന്നും ശരീരത്തില്‍ ചൊറിയുടെയും വന്‍കുടലില്‍ വീക്കത്തിന്റെയും ലക്ഷണങ്ങളുണ്ടായിരുന്നെന്നും ഇസ്രായേല്‍ ഡോക്ടര്‍ പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം അബു കബീര്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് മാര്‍ച്ച് 27ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നിരീക്ഷിക്കാന്‍ ഡോക്ടര്‍ ഡാനിയല്‍ സോളമന് ഇസ്രായേലിലെ സിവില്‍ കോടതി പ്രത്യേക അനുമതി നല്‍കുകയായിരുന്നു.
അഹമ്മദിന് അമിതമായ ഭാരം കുറയുകയും പേശികള്‍ ക്ഷയിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഡിസംബര്‍ മുതല്‍ ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ലെന്ന് വാലിദ് പരാതിപ്പെട്ടിരുന്നതായി ജയിലിലെ ക്ലിനിക്കില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഗസ്സ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേല്‍ ജയിലില്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫലസ്തീന്‍ തടവുകാരനാണ് അഹമ്മദ്.
സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് സെപ്റ്റംബറില്‍ വെസ്റ്റ് ബാങ്കിലെ വീട്ടില്‍നിന്നാണ് വാലിദിനെ കസ്റ്റഡിയിലെടുത്തത്. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംഘത്തെ നിയോഗിച്ചതായി ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.