പാപുവ ന്യൂ ഗിനിയയിലെ ഉരുള്‍പൊട്ടല്‍; 2000 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍, രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് അധികൃതര്‍
തിങ്കളാഴ്ചയോടെ അഞ്ച് പേരുടെ അവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെടുത്തതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു
പോർട്ട് മോർസ്ബി: കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തിലധികം പേർ ജീവനോടെ മണ്ണിനടിയില്‍ പെട്ടതായി പാപുവ ന്യൂ ഗിനിയ സർക്കാർ. അന്താരാഷ്ട്ര സഹായം തേടിയതായി സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭക്ക് അയച്ച കത്തില്‍ പറയുന്നു. തിങ്കളാഴ്ചയോടെ അഞ്ച് പേരുടെ അവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെടുത്തതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.
വടക്കൻ പാപുവ ന്യൂ ഗിനിയയിലെ പർവതപ്രദേശമായ എൻഗ മേഖലയിൽ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്തുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന്‍റെ ആഴം കൂട്ടി. ഇതുവരെ 670 ലധികം പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. വലിയ പാറക്കല്ലുകളും കടപുഴകി വീണ വന്‍മരങ്ങളും കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരിക്കുകയാണ്. മതിയായ ഉപകരണങ്ങളുടെ അഭാവവും രക്ഷാപ്രവര്‍ത്തനത്തെ പിന്നോട്ടുവലിക്കുന്നുണ്ട്. മണ്ണിനടിയില്‍ പെട്ട ആരും രക്ഷപെട്ടിട്ടില്ലെന്ന് സ്കൂൾ അധ്യാപകനായ ബ് സോവായ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. രന്തത്തിന് മുമ്പ് ഏകദേശം 3,800 ആളുകൾ എന്‍ഗ മേഖലയില്‍ താമസിച്ചിരുന്നു. പ്രധാനമന്ത്രി ജെയിംസ് മറാപെ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്ന് 600 കിലോമീറ്റർ വടക്ക്-പടിഞ്ഞാറുള്ള പ്രദേശത്തേക്ക് എത്രയും പെട്ടെന്ന് എത്താന്‍ പ്രതിരോധ സേനയോടും അടിയന്തര ഏജൻസികളോടും ഉത്തരവിടുകയും ചെയ്തു.എന്നാൽ വലിയ രക്ഷാപ്രവർത്തനങ്ങളുമായി ഉദ്യോഗസ്ഥർ ഇടപെടുന്നത് കാത്തിരിക്കുകയാണെന്ന് ദുരിതബാധിതരായ കാക്കളം ഗ്രാമത്തിലെ നാട്ടുകാർ പറയുന്നു. മണ്ണിടിച്ചിലിൽ പ്രവിശ്യയിലെ പ്രധാന ഹൈവേയും തകര്‍ന്നിട്ടുണ്ട്.
മണ്ണിടിച്ചിലിൽ 150 ലധികം വീടുകൾ മണ്ണിനടിയിലായിട്ടുണ്ട്. ഗ്രാമത്തിലേക്ക് എത്തിപ്പെടാനുള്ള സമയം, ടെലികമ്മ്യൂണിക്കേഷൻ്റെ അഭാവം, പ്രവിശ്യയിലുടനീളമുള്ള ഗോത്ര യുദ്ധം എന്നിവ ഉൾപ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ കാരണം ദുരന്തത്തിൻ്റെ തോത് നിർണ്ണയിക്കുന്നത് ബുദ്ധിമുട്ടാണ്. അന്താരാഷ്ട്ര ദുരിതാശ്വാസ പ്രവർത്തകർക്കും സഹായ സംഘങ്ങൾക്കും സൈനിക അകമ്പടി ആവശ്യമായ സാഹചര്യമാണുള്ളത്. ഫെബ്രുവരിയില്‍ എന്‍കയില്‍ രണ്ടു ഗോത്രങ്ങള്‍ തമ്മിലുണ്ടായ യുദ്ധത്തില്‍ കുറഞ്ഞത് 26 യോദ്ധാക്കളും കൂലിപ്പടയാളികളും കൊല്ലപ്പെട്ടിരുന്നു. ഏകദേശം 10 ദശലക്ഷമാണ് പാപുവ ന്യൂ ഗിനിയയിലെ ജനസംഖ്യ. പതിറ്റാണ്ടുകളായി രാജ്യത്ത് കൃത്യമായ ഒരു സെൻസസ് നടന്നിട്ടില്ല.