സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന് മാർപ്പാപ്പ; 'അവരെ പള്ളിയിലേക്ക് ക്ഷണിക്കണം'
ബിഷപ്പുമാർ എല്ലാവരുടെയും അന്തസ് തിരിച്ചറിയുംവിധം മാറ്റത്തിന് തയാറാകേണ്ടതുണ്ടെന്നും മാർപ്പാപ്പ പറഞ്ഞു.
വത്തിക്കാൻ സിറ്റി: സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്നും അതിനെ കുറ്റകരമെന്ന് വിശേഷിപ്പിക്കുന്ന നിയമങ്ങളെ അനീതിയെന്ന് വിശേഷിപ്പിച്ചും ഫ്രാൻസിസ് മാർപ്പാപ്പ. ദൈവം തന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നു. എൽ.ജി.ബി.ടി.ക്യു വ്യക്തികളെ പള്ളിയിലേക്ക് സ്വാഗതം ചെയ്യണമെന്നും അദ്ദേഹം കത്തോലിക്കാ ബിഷപ്പുമാരോട് ആവശ്യപ്പെട്ടു. അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിലാണ് മാർപ്പാപ്പ നിലപാട് വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു..
സ്വവർഗരതിക്കാരനാവുന്നത് ഒരു കുറ്റമല്ല. എന്നാൽ അതൊരു പാപമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാത്തലിക് ബിഷപ്പുമാർ സ്വവർഗ ലൈംഗികതയെ കുറ്റകരമാക്കുകയും എൽ.ജി.ബി.ടി.ക്യു വ്യക്തികളോട് വിവേചനം കാണിക്കുകയും ചെയ്യുന്ന നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപ്പാപ്പ സമ്മതിച്ചു. എന്നാൽ അത്തരം മനോഭാവങ്ങൾ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുണ്ടാവുന്നതാണ്. ബിഷപ്പുമാർ എല്ലാവരുടെയും അന്തസ് തിരിച്ചറിയുംവിധം മാറ്റത്തിന് തയാറാകേണ്ടതുണ്ടെന്നും മാർപ്പാപ്പ പറഞ്ഞു.
ഈ മെത്രാന്മാരുടെയുള്ളിൽ പരിവർത്തന പ്രക്രിയ ഉണ്ടായിരിക്കണം. ദയവായി ആർദ്രത കാണിക്കണമെന്നും മാർപ്പാപ്പ അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള 67 രാജ്യങ്ങൾ സ്വവർഗ ലൈംഗികതയെ ക്രിമിനൽ കുറ്റമായി കാണുന്നുണ്ട്. അതിൽ 11 രാജ്യങ്ങൾ സ്വവർഗ ലൈംഗികതയ്ക്ക് വധശിക്ഷ നൽകുകയും ചെയ്യുന്നു. അതേസമയം, സ്വവർഗ ലൈംഗികതയെ പിന്തുണച്ചെത്തിയ മാർപ്പാപ്പയുടെ പ്രസ്താവനകൾ വലിയ ചർച്ചയായിട്ടുണ്ട്.
നേരത്തെ, വൈദികരും കന്യാസ്ത്രീകളും വരെ അശ്ലീല വീഡിയോകൾ കാണുന്നത് ചൂണ്ടിക്കാട്ടി മാർപ്പാപ്പ രംഗത്തെത്തിയിരുന്നു. സാധാരണക്കാര്‍ മാത്രമല്ല, വൈദികരും കന്യാസ്ത്രീകളും വരെ ഇന്റർനെറ്റിലെ പോൺ വെബ്‌സൈറ്റുകൾക്ക് അടിമപ്പെട്ടെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. സാത്താൻ വരുന്നത് ആ വഴിയാണെന്നും അത് ആത്മാവിനെ ദുർബലപ്പെടുത്തുമെന്നും മാർപ്പാപ്പ മുന്നറിയിപ്പു നൽകുകയും ചെയ്തു. മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യാനും പോപ്പ് ആവശ്യപ്പെട്ടു. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ റിപ്പബ്ലിക്കയാണ് പോപ്പിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തത്.