‘വീടുകളിൽ കുട്ടികളില്ല, പകരം നായകളും പൂച്ചകളും’; കൂടുതൽ കുഞ്ഞുങ്ങൾ വേണമെന്ന് ഇറ്റലിക്കാരോട് മാർപാപ്പ
‘ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാൻ നടപടി വേണം’
റോം: ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ജനനങ്ങളുടെ എണ്ണം ഒരു ജനതയുടെ പ്രതീക്ഷയുടെ ആദ്യ സൂചകമാണെന്ന് കുടുംബ ഗ്രൂപ്പുകളുടെ വാർഷിക സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കുട്ടികളും യുവാക്കളും ഇല്ലെങ്കിൽ ഒരു രാജ്യത്തിന് ഭാവിയെക്കുറിച്ചുള്ള ആഗ്രഹം നഷ്ടപ്പെടും. കൂടുതൽ കുഞ്ഞുങ്ങളെയുണ്ടാക്കാൻ ദമ്പതികളെ പ്രോത്സാഹിപ്പിക്കും വിധം ദീർഘകാല നയങ്ങൾ രൂപീകരിക്കണം.
ലോകത്തിലെ പ്രശ്‌നങ്ങളുടെ മൂലകാരണം കുഞ്ഞുങ്ങൾ ജനിക്കുന്നതല്ലെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. സ്വാർത്ഥതയും ഉപഭോക്തൃത്വവും വ്യക്തിവാദവുമാണ് ആളുകളെ ഏകാന്തവും മടുപ്പുള്ളവരും അസന്തുഷ്ടരുമാക്കുന്നത്.
ആദ്യം സ്നേഹിക്കുകയും സ്നേഹിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ശബ്ദത്തിൽനിന്നും ചുറ്റുമുള്ള സഹോദരങ്ങളുടെ ശബ്ദത്തിൽനിന്നും സ്വാർത്ഥത ഒരാളെ ബധിരനാക്കുന്നു. അത് ഹൃദയത്തെ മരവിപ്പിക്കുന്നു. സ്വാർത്ഥത മനുഷ്യരെ വ്യക്തിഗത കാര്യങ്ങൾക്കും സ്വത്തിനും വേണ്ടി ജീവിക്കാൻ പ്രേരിപ്പിക്കുന്നു. നല്ലത് എങ്ങനെ ചെയ്യണമെന്ന് അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു.
വീടുകൾ ദുഃഖം നിറഞ്ഞ ഇടങ്ങളായി മാറി. അവിടങ്ങളിൽ കുട്ടികളില്ല. പകരം നായകളും പൂച്ചകളും പോലെയുള്ള വസ്തുക്കൾ നിറഞ്ഞിരിക്കുന്നു. ദീർഘകാല സമീപനങ്ങൾ, ഫലപ്രദമായ നയങ്ങൾ, ധീരവും മൂർത്തവുമായ തീരുമാനങ്ങൾ എന്നിവയാണ് ഇതിന് പ്രതിവിധി. അങ്ങനെ ഇന്ന് വിതയ്ക്കുന്ന വിത്ത് കുട്ടികൾക്ക് നാളെ കൊയ്യാമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
യൂറോപ്പിലുടനീളമുള്ള ജനനനിരക്ക് കഴിഞ്ഞ ദശകത്തിൽ ഒരു സ്ത്രീക്ക് ഏകദേശം 1.5 കുട്ടികൾ എന്ന നിലയിലാണ്. ജനസംഖ്യയുടെ സന്തുലിതാവസ്ഥക്ക് 2.1 എന്ന നിരക്കാണ് വേണ്ടതെന്ന് ജനസംഖ്യാശാസ്ത്രജ്ഞർ പറയുന്നു.
ജനസംഖ്യയുടെ കാര്യത്തിൽ ഇറ്റലി ഗുരുതര സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. 2023-ൽ ജനനനിരക്ക് റെക്കോർഡ് താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ 15 വർഷമായി ജനനനിരക്ക് കുറയുകയാണ്. ആവർത്തിച്ച് ശ്രമിച്ചിട്ടും മാറിമാറി വന്ന സർക്കാരുകൾക്ക് ഈ പ്രവണത മാറ്റാൻ സാധിക്കുന്നില്ല.
കഴിഞ്ഞ വർഷം 379,000 കുഞ്ഞുങ്ങളാണ് ഇറ്റലിയിൽ പിറന്നത്. കുറഞ്ഞത് 5 ലക്ഷം കുഞ്ഞുങ്ങളെങ്കിലും ജനിക്കണമെന്നായിരുന്നു സർക്കാർ നയം. ഇതിനായി കാമ്പയിനും ആരംഭിച്ചിരുന്നു. ഇറ്റലിയിൽ മുതിർന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത് സമ്പദ്‌വ്യവസ്ഥക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുകയെന്ന് ജനസംഖ്യാശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.