‘ഉത്തര കൊറിയയുടെ ഭീഷണി’; ദക്ഷിണ കൊറിയയിൽ പട്ടാള ഭരണം പ്രഖ്യാപിച്ച് പ്രസിഡന്റ്
‘ഉത്തര കൊറിയൻ കമ്മ്യൂണിസ്റ്റ് ശക്തികളുടെ ഭീഷണിയിൽനിന്ന് ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ പട്ടാള ഭരണം പ്രഖ്യാപിക്കുന്നു’
സോൾ: ദക്ഷിണ കൊറിയയിൽ അടിയന്തര പട്ടാള ഭരണമേർപ്പെടുത്തി പ്രസിഡൻറ് യൂൻ സുക് യോൾ. പ്രതിപക്ഷത്തിന് ഉത്തര കൊറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി.
‘ഉത്തര കൊറിയൻ കമ്മ്യൂണിസ്റ്റ് ശക്തികളുടെ ഭീഷണിയിൽനിന്ന് സ്വതന്ത്ര റിപ്പബ്ലിക്ക് ഓഫ് കൊറിയയെ സംരക്ഷിക്കാൻ ഞാൻ പട്ടാള ഭരണം പ്രഖ്യാപിക്കുന്നു. നമ്മുടെ ജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും കൊള്ളയടിക്കുന്ന നിന്ദ്യമായ ഉത്തരകൊറിയൻ അനുകൂല രാജ്യവിരുദ്ധ ശക്തികളെ ഉന്മൂലനം ചെയ്യാനും സ്വതന്ത്ര ഭരണഘടനാ ക്രമം സംരക്ഷിക്കാനുമാണ് തീരുമാനമെടുത്തത്’ -പ്രസിഡന്റ് യൂൻ സുക് യോൾ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
അതേസമയം, എന്തെല്ലാം പ്രത്യേക നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞില്ല. 1980ന് ശേഷം ആദ്യമായാണ് ഉത്തര കൊറിയയിൽ പട്ടാള ഭരണം പ്രഖ്യാപിക്കുന്നത്.
പാർലമെന്ററി നടപടികളും രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങും നിർത്തിവെച്ചതായി സൈന്യം അറിയിച്ചു. മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും സൈനിക നിയമത്തിന് കീഴിലായിരിക്കും. എന്നാൽ, പ്രസിഡന്റിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
പട്ടാള ഭരണ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കൻ ഡോളറിനെതിരെ കൊറിയൻ വോണിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. വിപണിയെ സുസ്ഥിരമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സെൻട്രൽ ബാങ്ക് അധികൃതർ അറിയിച്ചു.