ഗസ്സ യുദ്ധം അവസാനിപ്പിക്കണം; വൈറ്റ് ഹൗസ് വളഞ്ഞ് ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍, പുക ബോംബെറിഞ്ഞു

പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Update: 2024-06-10 04:50 GMT
Editor : Jaisy Thomas | By : Web Desk
Pro-Palestinian protest
AddThis Website Tools
Advertising

വാഷിംഗ്ടണ്‍: ഇസ്രായേൽ-ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നും ബൈഡന്‍ ഭരണകൂടം ജൂത രാഷ്ട്രത്തിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ ശനിയാഴ്ച വൈറ്റ് ഹൗസ് വളഞ്ഞു. ശനിയാഴ്ച ഉച്ചയോടെ 30,000ത്തോളം പ്രക്ഷോഭകരാണ്  എക്‌സിക്യൂട്ടീവ് മാൻഷന് പുറത്ത് ഒത്തുകൂടിയത്. പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചുവന്ന വസ്ത്രങ്ങള്‍ ധരിച്ചെത്തിയ പ്രക്ഷോഭക്കാര്‍ 'ഗസ്സയിലെ ഉപരോധം അവസാനിപ്പിക്കുക', ഫലസ്തീൻ സ്വതന്ത്രമാക്കുക', 'ഇസ്രായേലിനുള്ള യുഎസ് സൈനിക ,സാമ്പത്തിക സഹായം അവസാനിപ്പിക്കുക' എന്നെഴുതിയ പ്ലക്കാര്‍ഡുകളും കയ്യില്‍ പിടിച്ചിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത ആക്ടിവിസ്റ്റ് ഗ്രൂപ്പുകളിലൊന്നായ ആന്‍സര്‍ കൊളീഷന്‍ ചുവന്ന നിറത്തിലുള്ള ബാനര്‍ ഉയര്‍ത്തി. റഫയിലെ അതിര്‍ത്തി മറികടക്കാന്‍ ഇസ്രായേലിന് പിന്തുണ നല്‍കിയെന്ന് സൂചിപ്പിക്കുന്ന ചുവന്ന വരയുള്ള ബാനറാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. ‘ചുവന്ന വര’യുടെ പ്രതീകമായി വൈറ്റ് ഹൗസിന് ചുറ്റും രണ്ട് മൈല്‍ നീളമുള്ള ബാനര്‍ പിടിച്ചാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. വൈറ്റ് ഹൗസിന് ഗേറ്റിന് പുറത്ത് പുക ബോംബെറിയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിലർ വൈറ്റ് ഹൗസ് പുൽത്തകിടിയിലേക്ക് ഫ്ലെയർ ബോംബുകൾ എറിഞ്ഞു.

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വാഷിംഗ്ടൺ ഡിസി മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെൻ്റും സീക്രട്ട് സര്‍വീസും വാഷിംഗ്ടൺ എക്സാമിനറെ അറിയിച്ചു.പ്രതിഷേധത്തെ തുടര്‍ന്ന് വൈറ്റ് ഹൗസിലേക്കുള്ള പ്രധാന റോഡ് അടച്ചു. പ്രതിഷേധം നടക്കുന്ന സമയത്ത് പ്രസിഡന്‍റും പ്രഥമ വനിതയും വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നില്ല. ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ഡി-ഡേയുടെ സ്മരണയ്ക്കായി ഫ്രാൻസിലേക്ക് പോയിരുന്നു.

സര്‍വകലാശാല പ്രക്ഷോഭം ഉള്‍പ്പെടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ഫലസ്തീന്‍ അനൂകുല പ്രതിഷേധങ്ങളാണ് യു.എസില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വാഷിംഗ്ടണിലും വൈറ്റ് ഹൗസിന് പുറത്തുമുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് പല നഗരങ്ങളിലും റെയിൽവേ സ്റ്റേഷനുകൾക്കും വിമാനത്താവളങ്ങൾക്കും സമീപമുള്ള പാലങ്ങളും റോഡുകളും അടച്ചിടേണ്ടി വന്നു. അതേസമയം, പ്രസിഡന്‍റിന്‍റെ ഇസ്രായേൽ നയത്തോടുള്ള എതിർപ്പ് ചൂണ്ടിക്കാട്ടി കുറഞ്ഞത് എട്ട് ഉദ്യോഗസ്ഥരെങ്കിലും അടുത്തിടെ ബൈഡൻ ഭരണകൂടത്തിൽ നിന്ന് രാജിവച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News