'ഞങ്ങളുടെ തുറമുഖങ്ങളുടെയും എണ്ണ ടാങ്ക് ഫാമുകളുടെയും നിയന്ത്രണം മോദി ആഗ്രഹിക്കുന്നുണ്ടാകാം'; ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണ കരാറിനെതിരെ ശ്രീലങ്കയിൽ പ്രതിഷേധം
പ്രധാനമന്ത്രി മോദിയുടെ സന്ദർശനം രാജ്യത്ത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടി


കൊളംബോ: ശ്രീലങ്കൻ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ടിരുന്നു. കരാറിൽ ഒപ്പുവെച്ചതോടെ, നിർദ്ദിഷ്ട ധാരണാപത്രം പ്രകാരം ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളും ശ്രീലങ്കയുടെ ആഭ്യന്തര നിയമങ്ങൾ പാലിക്കുമെന്ന് കൊളംബോ വ്യക്തമാക്കിയിരുന്നു.
"നിർദിഷ്ട ധാരണാപത്രം പ്രകാരം ഏറ്റെടുക്കുന്ന ഏതൊരു സഹകരണ പ്രവർത്തനവും ശ്രീലങ്കയുടെയോ ഇന്ത്യയുടെയോ ആഭ്യന്തര നിയമങ്ങൾക്കും ദേശീയ നയങ്ങൾക്കും വിരുദ്ധമാകില്ലെന്ന്" ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി സമ്പത്ത് തുയകോന്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. സഹകരണ കരാറിൽ ഒപ്പിട്ടതിനെതിരെ ജനത വിമുക്തി പെരമുന (ജെജെവിപി),ഫ്രണ്ട് ലൈൻ സോഷ്യലിസ്റ്റ് പാർട്ടി (എഫ്എൽഎസ്പി) ഉൾപ്പെടെയുള്ള തീവ്ര പാർട്ടികൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെയായിരുന്നു സമ്പത്തിന്‍റെ വിശദീകരണം. ജെവിപിയുടെ പോളിറ്റ് ബ്യൂറോയിൽ അംഗമായിരുന്ന എഫ്എൽഎസ്പി ചീഫ് സെക്രട്ടറി കുമാർ ഗുണരത്നം, ശ്രീലങ്കയിലെ ഇന്ത്യയുടെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്തു, പ്രധാനമന്ത്രി മോദിയുടെ സന്ദർശനം രാജ്യത്ത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടി.
"മോദി ജയ ശ്രീ മഹാബോധി സന്ദർശിക്കുമെന്നും മാന്നാർ ആശുപത്രിക്ക് സംഭാവന നൽകുമെന്നും കാബിനറ്റ് വക്താവ് പറഞ്ഞിട്ടുണ്ട്.ഈ പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി മോദി എന്താണ് പ്രതീക്ഷിക്കുന്നത്? ഒരുപക്ഷേ അദ്ദേഹം ശ്രീലങ്കൻ തുറമുഖങ്ങളുടെയും ട്രിങ്കോമലിയിലെ എണ്ണ ടാങ്ക് ഫാമുകളുടെയും നിയന്ത്രണം ആഗ്രഹിക്കുന്നുണ്ടാകാം. ഇന്ത്യ കുറച്ചുകാലമായി ഇത്തരം പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നുണ്ട്'' ഗുണരത്നത്തെ ഉദ്ധരിച്ച് ഡെയ്‌ലി മിറർ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയും യുഎസും ചൈനയും തമ്മിൽ പോരാട്ടം നടക്കുകയാണെന്നും നിർദ്ദിഷ്ട പ്രതിരോധ കരാറുമായി മുന്നോട്ട് പോയാൽ ശ്രീലങ്ക അനാവശ്യമായി ഭൂരാഷ്ട്രീയത്തിൽ ഇടപെടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കരാറിനെ ചരിത്രപരമായ തെറ്റാണെന്നും ഗുണരത്നം വിശേഷിപ്പിച്ചു.
എന്നാൽ കരാറുകൾ സൂക്ഷ്മമായി പരിശോധിക്കുകയും പുനഃപരിശോധിക്കുകയും ചെയ്തുവെന്ന് തുയകോന്ത ന്യായീകരിച്ചു. "വിദേശ സർക്കാരുകളുമായുള്ള ഇടപെടലുകൾ സംബന്ധിച്ച് ഈ വർഷം ജനുവരിയിൽ പ്രസിഡന്‍റിന്‍റെസെക്രട്ടറി പുറപ്പെടുവിച്ച സർക്കുലർ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസക്തമായ ചർച്ചകൾ നടത്തിയത്.ഒപ്പിടുന്നതിന് മുമ്പ് മന്ത്രിസഭയുടെ അംഗീകാരം കൃത്യമായി നേടിയിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയും ശ്രീലങ്കന്‍ പ്രസിഡന്‍റ് അനുര കുമാര ദിസ്സനായകെയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ ഒപ്പിട്ട ഏഴ് കരാറുകളില്‍ ഒന്നാണ് പ്രതിരോധ സഹകരണ ഉടമ്പടി. ഇരുരാജ്യങ്ങളുടെയും സുരക്ഷാതാല്‍പര്യങ്ങള്‍ സമാനമാണെന്ന് കരുതുന്നതായി മോദി പറഞ്ഞു. ഇന്ത്യക്ക് ഭീഷണയുയര്‍ത്തുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കയുടെ മണ്ണില്‍ അനുവദിക്കില്ലെന്ന് ദിസ്സനായകെ പറഞ്ഞു. ദുരിതകാലത്ത് ഇന്ത്യ നല്‍കിവന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചിരുന്നു. ബാങ്കോക്കില്‍ നടന്ന ബിംസ്റ്റെക് (ബേ ഓഫ് ബെംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക് കോ-ഓപ്പറേഷന്‍) ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങിയ മോദി, വെള്ളിയാഴ്ച വൈകിട്ടാണ് ശ്രീലങ്കയിലെത്തിയത്.
#WATCH | PM Narendra Modi at Independence Square in Colombo, accompanied by Sri Lankan President Anura Kumara Dissanayake, during his three-day visit to Sri Lanka, which began yesterday.
— ANI (@ANI) April 5, 2025
(Source - ANI/DD) pic.twitter.com/AQbb7vRzos