ജനസംഖ്യ കുറയുന്നു : പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് പുടിന്റെ വക പാരിതോഷികം
വലിയ കുടുംബമുള്ളവര്‍ രാജ്യസ്‌നേഹമേറെ ഉള്ളവര്‍ എന്നതാണ് പുടിന്റെ നിലപാട്
മോസ്‌കോ: കോവിഡിനെ തുടര്‍ന്ന് ഉടലെടുത്ത ജനസംഖ്യാ പ്രതിസന്ധിയ്ക്ക് പരിഹാരമായി പുടിന്റെ വിചിത്ര പ്രഖ്യാപനം. പത്തോ അതിലധികമോ കുട്ടികള്‍ക്ക് ജന്മം നല്‍കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് 1 മില്യണ്‍ റൂബിള്‍സ് അഥവാ 12.94 ലക്ഷം രൂപയാണ് പുടിന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
വലിയ കുടുംബമുള്ളവര്‍ രാജ്യസ്‌നേഹമേറെ ഉള്ളവര്‍ എന്നതാണ് പുടിന്റെ നിലപാട്. പത്താമത്തെ കുഞ്ഞിന് ഒരു വയസ്സാവുകയും ബാക്കി ഒമ്പത് കുട്ടികള്‍ ആരോഗ്യത്തോടെ ഇരിയ്ക്കുകയും ചെയ്താല്‍ ഒറ്റത്തവണയായി തന്നെ പണം നല്‍കുമെന്നാണ് വിവരം. കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം കൂടാതെ മദര്‍ ഹീറോയ്ന്‍ എന്ന പട്ടം നല്‍കി രാജ്യം ഇവരെ ആദരിക്കുകയും ചെയ്യും.
കോവിഡും യുക്രൈനുമായുള്ള യുദ്ധവും ജനസംഖ്യയില്‍ കാര്യമായ കുറവ് വരുത്തി എന്ന വാദത്തിന് തൊട്ടു പിന്നാലെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ച് റഷ്യയുടെ വരവ്. എന്നാല്‍ പദ്ധതി അപലപനീയമാണെന്നും 1990കള്‍ മുതല്‍ റഷ്യയുടെ ജനസംഖ്യയില്‍ വ്യതിയാനങ്ങളുണ്ടാവുന്നുണ്ടെന്നുമാണ് റഷ്യന്‍ രാഷ്ട്രീയ-സുരക്ഷാ വിദഗ്ധന്‍ ഡോ.ജെന്നി മാത്തേഴ്‌സ് അറിയിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് 1944ല്‍ വലിയ തോതില്‍ ജനസംഖ്യ കുറഞ്ഞപ്പോള്‍ സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ ഏര്‍പ്പെടുത്തിയതാണ് കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് പാരിതോഷികം നല്‍കുന്ന പദ്ധതി. 1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ നിലച്ച ഈ പദ്ധതിയാണ് പുടിന്‍ വീണ്ടും പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്.