റഷ്യയില്‍ പുടിന്‍ അട്ടിമറി ഭീഷണിയില്‍: വാഗ്നര്‍ സംഘം മോസ്കോയിലേക്ക് നീങ്ങി
നിര്‍ണായക കേന്ദ്രങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയതായി വാഗ്നര്‍ തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ അറിയിച്ചു
മോസ്കോ: റഷ്യന്‍ സര്‍ക്കാരിന്‍റെ കൂലിപ്പട്ടാളമായി അറിയപ്പെടുന്ന വാഗ്നര്‍ ഗ്രൂപ്പ് തിരിഞ്ഞുകുത്തിയതോടെ വ്ളാഡിമിര്‍ പുടിന്‍ അട്ടിമറി ഭീഷണിയില്‍. പുടിന്‍റെ സ്വകാര്യ സൈന്യമായ വാഗ്നര്‍ സംഘം മോസ്കോയിലേക്ക് നീങ്ങിയതായാണ് ഒടുവിലെ റിപ്പോര്‍ട്ട്. നിര്‍ണായക കേന്ദ്രങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയതായി വാഗ്നര്‍ തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ അറിയിച്ചു.
അതെ സമയം അട്ടിമറി നീക്കം രാജ്യത്തിന് എതിരായ വഞ്ചനയാണെന്ന് വ്ളാഡിമിര്‍ പുടിന്‍ പ്രതികരിച്ചു. വാഗ്നർ തലവൻ യെഗനി പ്രിഗോഷിൻ റഷ്യയെ വഞ്ചിച്ചെന്നും രാജ്യം ഇതിനെതിരെ ഒരുമിക്കണമെന്നും പുടിൻ പറഞ്ഞു. എന്നാല്‍ വാഗ്നർ വഞ്ചകരല്ലെന്നും ദേശാഭിമാനികളാണെന്നും വാഗ്നർ തലവൻ യെവ്ജ്നി പ്രിഗോഷിൻ മറുപടി പറഞ്ഞു.
വറോനെഷിലെ സൈനിക കേന്ദ്രങ്ങള്‍ വാഗ്നര്‍ ഗ്രൂപ്പ് പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം. റഷ്യൻ നഗരമായ റോസ്തോവ്-ഓൺ-ഡോൺ കീഴടിക്കിയെന്ന് വാഗ്നർ അവകാശപ്പെട്ടിരുന്നു. അതേസമയം വറോനെഷിലെ ഓയിൽ ഡിപ്പോയിലെ തീ അണയ്ക്കാൻ 100 അഗ്നിശമനാംഗങ്ങൾ പരിശ്രമിക്കുന്നുണ്ടെന്ന് ഗവർണർ അലക്സാണ്ടർ ഗുസേവ് അറിയിച്ചു. റഷ്യയിലെ രാഷ്ട്രീയ അസ്ഥിരതയുടെ തെളിവാണ് വാഗ്നർ ഗ്രുപ്പിന്റെ ഈ നീക്കമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമര്‍ സെലൻസ്കി പറഞ്ഞു.