യുദ്ധത്തിന്റെ ആദ്യഘട്ടം കഴിഞ്ഞെന്ന് റഷ്യ; സമാധാന ചർചകളിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ
യുക്രൈനെ സഹായിക്കാനായി ഒരു മില്യൻ ഡോളർ കൂടി നൽകുമെന്ന് ബൈഡൻ പറഞ്ഞു
യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ ആദ്യ ഘട്ടം അവസാനിച്ചതായി പ്രഖ്യാപിച്ച് റഷ്യ. ആദ്യ ഘട്ടത്തിലെ ലക്ഷ്യങ്ങൾ പൂർത്തിയായതായും ഡോൺബസ് പിടിച്ചടിക്കുന്നതിലാണ് ഇനി ശ്രദ്ധയെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. റഷ്യ വളഞ്ഞ മരിയുപോളിൽ ഉൾപെടെ യുക്രൈന്റെ പ്രത്യാക്രമണം നടക്കുന്നുണ്ട്. മരിയുപോളിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനായി ഫ്രാൻസും ഗ്രീസും തുർക്കിയും ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞയാഴ്ച മരിയുപോളിലെ തിയറ്ററിലുണ്ടായ ബോംബാക്രമണത്തിൽ 300 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 1351 സൈനികർ കൊല്ലപ്പെട്ടതായാണ് റഷ്യയുടെ സ്ഥരീകരണം.
അതേ സമയം യുദ്ധം അവസാനിപ്പിക്കാൻ യൂറോപ്യൻ യൂണിയന്‍ റഷ്യയോട് വീണ്ടും ആവശ്യപ്പെട്ടു. അതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പോളണ്ടിൽ സന്ദർശനം നടത്തിയിരുന്നു. യുക്രൈനെ സഹായിക്കാനായി ഒരു മില്യൻ ഡോളർ കൂടി നൽകുമെന്ന് ബൈഡൻ പറഞ്ഞു.
റഷ്യ യുക്രൈനിൽ സൈനികനീക്കം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഈ ഘട്ടത്തിൽ നാറ്റോ യുക്രൈന് സൈനിക സഹായം നൽകണമെന്നാണ് സെലൻസ്‌കിയുടെ അഭ്യർഥന. റഷ്യ മുഴുവൻ ആയുധശേഖരവും നിയന്ത്രണങ്ങളില്ലാതെ യുക്രൈനെതിരെ ഉപയോഗിക്കുകയാണ്. യുക്രൈനെ രക്ഷിക്കാൻ സൈനിക സഹായം കൂടിയേ തീരുവെന്ന് സെലൻസ്‌കി പറഞ്ഞു. ഫെബ്രുവരി 24നാണ് യുക്രൈന് മേൽ റഷ്യ ആക്രമണം ശക്തമാക്കിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് നേരിട്ട ഏറ്റവും വലിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. തലസ്ഥാനമായ കിയവ് പിടിക്കാനുള്ള റഷ്യൻ ശ്രമം വിഫലമായി തന്നെ തുടരുകയാണ്. തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ റഷ്യൻ ബോംബാക്രമണം ഇപ്പോഴുമുണ്ട്. ഏകദേശം 100,000 ആളുകൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. മരിയുപോളിൽ മാത്രം 2,300 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.
121 കുട്ടികളാണ് യുക്രൈനിൽ കൊല്ലപ്പെട്ടത്. 14,000 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശപ്പെടുന്നുണ്ട്. റഷ്യയുടെ അധിനിവേശത്തിൽ പ്രതിഷേധിച്ച് ലോകമെമ്പാടുമുള്ള പൗരന്മാരോട് തെരുവിലിറങ്ങാൻ സെലൻസ്‌കി അഭ്യർഥിച്ചു
കിഴക്കൻ യൂറോപ്പിൽ നാറ്റോ സേനാവിന്യാസം കൂട്ടുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. സ്ലൊവാക്യ, ഹംഗറി, ബൾഗേറിയ, റൊമാനിയ എന്നിവിടങ്ങളിലേക്ക് നാല് പുതിയ യുദ്ധസംഘങ്ങളെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനിൽ റഷ്യൻ സൈന്യം യുദ്ധക്കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.