സൽമാൻ റുഷ്‌ദി രക്ഷപ്പെട്ടത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് പ്രതി
'റുഷ്ദിയുടെ നോവലിന്റെ രണ്ട് പേജുകൾ വായിച്ചു. എനിക്ക് റുഷ്ദിയെ ഇഷ്ടമല്ല'
സൽമാൻ റുഷ്‌ദി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് പ്രതി ഹാദി മതർ. ന്യൂയോർക്ക് പോസ്റ്റാണ് പ്രതിയുടെ പ്രതികരണം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രഭാഷണ പരിപാടിക്കിടെയാണ് റുഷ്ദിയെ 24കാരനായ ഹാദി മതർ വേദിയിലേക്ക് ഓടിക്കയറി കഴുത്തിലും വയറിലും കുത്തിയത്.
1989ല്‍ ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള ഖുമേനി പുറപ്പെടുവിച്ച ഫത്‌വയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണോ റുഷ്ദിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന ചോദ്യത്തിന് ഹാദി മതര്‍ ഉത്തരം നല്‍കിയില്ല- "ഞാൻ ആയത്തുള്ളയെ ബഹുമാനിക്കുന്നു. അദ്ദേഹം മഹാനായ വ്യക്തിയാണ്". ഇക്കാര്യം ചർച്ച ചെയ്യരുതെന്ന് അഭിഭാഷകൻ ഉപദേശിച്ചതായി ഹാദി മതര്‍ പറഞ്ഞെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.
"റുഷ്ദിയുടെ നോവലിന്റെ രണ്ട് പേജുകൾ വായിച്ചു. എനിക്ക് റുഷ്ദിയെ ഇഷ്ടമല്ല. അയാള്‍ നല്ല ആളാണെന്ന് ഞാൻ കരുതുന്നില്ല. ഇസ്‍ലാമിനെ ആക്രമിച്ച ആളാണ് അയാള്‍. വിശ്വാസങ്ങളെയും വ്യവസ്ഥകളെയും ആക്രമിച്ചു"- ഹാദി മതര്‍ പറഞ്ഞു.
ഇറാന്‍റെ റെവല്യൂഷണറി ഗാർഡുമായി താൻ ബന്ധപ്പെട്ടിട്ടില്ലെന്ന് ഹാദി മതർ പറഞ്ഞു. റുഷ്ദിയുടെ പ്രഭാഷണത്തെ കുറിച്ച് ഒരു ട്വീറ്റിലൂടെയാണ് മനസ്സിലായത്. ആക്രമണത്തിന് ഒരു ദിവസം മുമ്പ് താന്‍ സ്ഥലത്തെത്തിയെന്നും ഹാദി മതര്‍ പറഞ്ഞു.
75കാരനായ റുഷ്ദിയെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി. കുത്തേറ്റ ഉടനെ ഹെലികോപ്റ്ററിൽ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്താണ് ജീവൻ രക്ഷിച്ചത്. പക്ഷേ അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.