സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; അക്രമിക്കെതിരെ വധശ്രമത്തിന് കേസ്
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ റുഷ്ദി വെന്റിലേറ്ററില്‍ തന്നെ തുടരുന്നു
എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ച ഹാദി മാതറിനെതിരെ വധശ്രമത്തിന് കേസെടുത്തു. കുറ്റം നിഷേധിച്ചതിനെ തുടർന്ന് ഹാദി മാതറിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്
ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാനെത്തിയ വേദിയില്‍ വച്ചാണ് സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ റുഷ്ദി വെന്റിലേറ്ററില്‍ തന്നെ തുടരുന്നു. ആരോഗ്യനിലയില്‍ മാറ്റങ്ങള്‍ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. റുഷ്ദിയെ ആക്രമിച്ച ഹാദി മേതറിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ വെച്ച് കുറ്റം നിഷേധിച്ചെങ്കിലും ഹാദി മാതറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആക്രമിയുടെ പശ്ചാത്തലത്തെ കുറിച്ച് പൊലീസ് അന്വേഷണം തടരുകയാണ്.
ഹാദി മാതർ ഇറാനിലെ ഒരു രാഷ്ട്രീയ പാർട്ടിയോട് അനുഭാവം പുലർത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടെത്തിയെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ആർക്കും ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ കഴിയാത്ത വ്യക്തിയാണ് റുഷ്ദിയെന്നും അമേരിക്കക്കാർക്കും ലോകത്തിനും ഒപ്പം അദ്ദേഹത്തിന്‍റെ ആരോഗ്യം മെച്ചപ്പെടാനായി പ്രാർഥിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.