ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം: സൗദി കിരീടാവകാശി
പൊതുജനം ഇരട്ടത്താപ്പ് തിരിച്ചറിയുന്നുണ്ടെന്നും ഇസ്രായേലും അവരെ പിന്തുണച്ചവരും കൂട്ടക്കൊലക്ക് ഉത്തരവാദികളാണെന്നും ഫലസ്തീൻ പ്രസിഡണ്ട്
റിയാദ്: ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അവിടേക്ക് സഹായമെത്തിക്കാൻ സംവിധാനമൊരുക്കണമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ഗസ്സ വിഷയത്തിൽ റിയാദിൽ നടക്കുന്ന അടിയന്തിര ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയെന്ന് ഫലസ്തീൻ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് ഉച്ചകോടിയിൽ വിമർശിച്ചു. വെസ്റ്റ് ബാങ്കിൽ തീവ്രവാദികളായ അധിനിവേശക്കാർ ഫലസ്തീനികളെ വെടിവെച്ചു കൊല്ലുകയാണെന്നും പൊതുജനം ഇരട്ടത്താപ്പ് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലും അവരെ പിന്തുണച്ചവരും ഈ കൂട്ടക്കൊലക്ക് ഉത്തരവാദികളാണെന്നും ഫലസ്തീനിൽ ഇസ്രയേലിന്റെ സൈനിക സുരക്ഷാ നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും അബ്ബാസ് വ്യക്തമാക്കി. ഫലസ്തീനിൽ അഭയാർഥികളായവരുടെ പ്രശ്‌നങ്ങൾ ലോകം ഏറ്റെടുക്കണമെന്നും ഗസ്സയുടെ പുനർനിർമാണത്തിന് ഫലസ്തീനെ സഹായിക്കണമെന്നും പ്രസിഡണ്ട് ആവശ്യപ്പെട്ടു.
ഇതൊരു ചരിത്ര ഘട്ടമാണെന്നും ഗസ്സ വിഷയത്തിൽ എല്ലാവരും ഉത്തരവാദിത്തം കാണിക്കണമെന്നും രാഷ്ട്രീയ പരിഹാരങ്ങൾ സമഗ്രമായിരിക്കണമെന്നും മഹ്മൂദ് അബ്ബാസ് ഓർമിപ്പിച്ചു. ഗസ്സ ഫലസ്തീന്റെ അഭിവാജ്യ ഘടകമാണെന്നും പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ രാഷ്ട്രീയ പരിഹാരം ഇല്ലാത്തതിൽ യുഎസിനും പങ്കുണ്ടെന്ന് മഹ്മൂദ് അബ്ബാസ് കുറ്റപ്പെടുത്തി. യുഎൻ സുരക്ഷാ കൗൺസിലിൽ ഫലസ്തീന് സമ്പൂർണ അംഗത്വം നൽകണമെന്ന് ഫലസ്തീൻ പ്രസിഡണ്ട് ആവശ്യപ്പെട്ടു. ജറുസലേമും ഫലസ്തീന്റെ മുഴുവൻ ഭാഗങ്ങളിലും പൊതു തെരഞ്ഞെടുപ്പിന് തയ്യാറാണെന്നും പറഞ്ഞു.
അതേസമയം, 1967 അതിർത്തിയോടെ ഫലസ്തീൻ രാഷ്ട്രം പുനഃസ്ഥാപിക്കണമെന്ന് ഈജിപ്ഷ്യൻ പ്രസിഡണ്ട് അബ്ദുൽ ഫത്തേഹ് അൽസീസി ആവശ്യപ്പെട്ടു. രണ്ടു രാഷ്ട്രങ്ങൾ പിറക്കുകയെന്നതാണ് ശാശ്വത പരിഹാരമെന്ന് ജോർദാൻ രാജാവും പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ പരിഹാരമില്ലാതിരുന്നതിന്റെ പ്രത്യാഘാതം ലോകം അനുഭവിക്കുമെന്നും ജോർദാൻ ഓർമിപ്പിച്ചു.
ഗസ്സ അടിയന്തിര യോഗത്തിൽ സൗദി, ജോർദാൻ, ഈജിപ്ത്, ഫലസ്തീൻ എന്നീ രാജ്യങ്ങൾക്ക് പുറമേ ഇറാൻ, യുഎഇ, തുർക്കി, സിറിയ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സൗദി ഇറാൻ ബന്ധം പുനഃസ്ഥാപിച്ച ശേഷം ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റഈസി സൗദിയിലെത്തുന്നത് ആദ്യമാണ്. ഫലസ്തീൻ വസ്ത്രമായ കഫിയ്യ ധരിച്ചാണ് ഇറാൻ പ്രസിഡണ്ട് എത്തിയത്. ഏഴ് വർഷത്തിന് ശേഷമാണ് ഇറാൻ പ്രസിഡണ്ട് സൗദിയിലെത്തുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് തുടങ്ങിയവരാണ് സൗദിയിലെത്തിയിട്ടുള്ളത്.
ഗസ്സയിലെ ആശുപത്രികൾ ലക്ഷ്യമിട്ട് അതിശക്തമായ ആക്രമണമാണ് ഇസ്രായേൽ ഇന്ന് നടത്തിയത്. അൽശിഫ ഹോസ്പിറ്റലിന് നേരെ നടത്തിയ ആക്രമണത്തിൽ നിരവധിപേരാണ് കൊല്ലപ്പെട്ടത്. വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിൽ രോഗികൾ കൂട്ടത്തോടെ മരിക്കുമെന്ന അവസ്ഥയിലാണ്. ആശുപത്രിക്കകത്ത് കൂട്ടക്കുഴിമാടമൊരുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നത് ഗസ്സ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
Saudi Crown Prince Mohammed bin Salman wants to declare a ceasefire in Gaza