സുരക്ഷ ശക്തമാക്കി; ശ്രീലങ്കയിൽ കടകൾ തുറന്നു
രാജ്യത്ത് അവശ്യ വസ്തുക്കളും സേവനങ്ങളും നിലനിർത്തുന്നതിന് അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് പ്രസിഡന്റ് ഗോതാബായ രാജപക്സെ പറഞ്ഞു
ശ്രീലങ്കയുടെ തലസ്ഥാന നഗരമായ കൊളംബോയിൽ ഇന്ന് കടകൾ തുറന്നു. സുരക്ഷ കൂടുതൽ ശക്തമാക്കിയതോടെയാണ് ഇന്ന് കടകൾ തുറന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കൻ ഭരണകൂടത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്.
അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവർക്കെതിരെ കേസെടുക്കാനും തടങ്കലിൽ വയ്ക്കാനും സൈന്യത്തിന് അനുവാദം നൽകുന്ന നിയമം പ്രസിഡന്റ് ഗോതാബായ രാജപക്സെയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്ത് അവശ്യ വസ്തുക്കളും സേവനങ്ങളും നിലനിർത്തുന്നതിന് അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് രാജപക്സെ പറഞ്ഞു.
ഇന്ധനത്തിനും മറ്റ് അവശ്യ വസ്തുക്കൾക്കും ക്ഷാമം നേരിട്ട സാഹചര്യത്തിൽ രോഷാകുലരായ നൂറുകണക്കിന് പ്രതിഷേധക്കാർ വ്യാഴാഴ്ച രജപക്സെയുടെ വസതിക്ക് പുറത്ത് സൈന്യവുമായി ഏറ്റുമുട്ടി. രാജപക്‌സയെ പുറത്താക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുകയും സൈനിക വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. സംഭവത്തിൽ 53 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ വെള്ളിയാഴ്ച കൊളംബോയിലും പരിസരങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ''സമാധാനപരമായി പ്രതിഷേധിക്കാൻ ശ്രീലങ്കക്കാർക്ക് അവകാശമുണ്ട്, ജനാധിപത്യത്തിൽ അത് അത്യാവശ്യമാണ്, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, ശ്രീലങ്കയിൽ സമാധാനം പുലരുമെന്നും ദുരിതമനുഭവിക്കുന്നവർക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു'', ശ്രീലങ്കയിലെ അമേരിക്കൻ അംബാസഡർ ജൂലി ചുങ് ട്വിറ്ററിൽ കുറിച്ചു.
ഇന്ധന ഇറക്കുമതിക്ക് പണം നൽകുന്നതിന് വേണ്ടി വിദേശനാണ്യം ചിലവഴിക്കാതെ കരുതിവെച്ചിരിക്കുകയാണ് ശ്രീലങ്കൻ ഭരണകൂടം. അതിനിടയിൽ പ്രതിഷേധം കനക്കുന്നത് ഗവൺമെന്റിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ടൂറിസം മേഖലയിൽ നേരിട്ട പ്രതിസന്ധിയും കോവിഡ് സൃഷ്ടിച്ച പ്രയാസങ്ങളും പുത്തൻ കാർഷിക നയങ്ങളുമാണ് ശ്രീലങ്കയെ ദുരിതത്തിലെത്തിച്ചത്.