ശ്രീലങ്കയിൽ പൊലീസിന്റെ കണ്ണീർവാതക ഷെല്ലുകൾ തട്ടിയെടുത്ത ആൾ പിടിയിൽ

തടിച്ചുകൂടിയ പ്രക്ഷോഭകരെ പിരിച്ചുവിടാനാണ് പൊലീസ് കണ്ണീർവാതക ഷെല്ലുകളുമായെത്തിയത്. ഇതിനിടെ ഒരു കൂട്ടം ആളുകൾ പൊലീസ് വാഹനം ആക്രമിക്കുകയായിരുന്നു.

Update: 2022-07-18 12:50 GMT
Advertising

കൊളംബോ: ജനകീയ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയിൽ പൊലീസിന്റെ കണ്ണീർവാതക ഷെല്ലുകൾ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ പിടിയിൽ. പ്രക്ഷോഭം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്ന കണ്ണീർ വാതക ഷെല്ലുകൾ പൊലീസ് വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 50 കണ്ണീർവാതക ഷെല്ലുകൾ കണ്ടെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജൂലൈ 13-നാണ് പാർലമെന്റിന് സമീപമുള്ള പൊതുവ ജങ്ഷനിൽ പൊലീസ് വാഹനം ആക്രമിക്കപ്പെട്ടത്. തടിച്ചുകൂടിയ പ്രക്ഷോഭകരെ പിരിച്ചുവിടാനാണ് പൊലീസ് കണ്ണീർവാതക ഷെല്ലുകളുമായെത്തിയത്. ഇതിനിടെ ഒരു കൂട്ടം ആളുകൾ പൊലീസ് വാഹനം ആക്രമിക്കുകയായിരുന്നു. വാഹനത്തിലെ ആയുധങ്ങളും കണ്ണീർവാതക ഷെല്ലുകളും ഇവർ പിടിച്ചെടുക്കുകയായിരുന്നു. ഇതിൽ ചിലത് പിന്നീട് പൊലീസിനെതിരെ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതിനിടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്ടിങ് പ്രസിഡന്റ് റെനിൽ വിക്രമസിംഗെയുടെ ഓഫീസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അസാധാരണ വിജ്ഞാപനത്തിലൂടെയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മറ്റന്നാളാണ് ഇടക്കാല പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

റെനിൽ വിക്രമസിംഗെക്കെതിരെയും കടുത്ത നിലപാടാണ് പ്രക്ഷോഭകർ സ്വീകരിക്കുന്നത്. നാട്ടുകാർ പുറത്താക്കുന്നതിന് മുമ്പ് വിക്രമസിംഗെ ഒഴിഞ്ഞുപോകണമെന്നാണ് പ്രക്ഷോഭകരുടെ മുദ്രാവാക്യം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News