കോഴ്സ് ‘ഹിന്ദുഫോബിക്’ എന്ന് വിദ്യാർഥിയുടെ പരാതി; മറുപടിയുമായി അമേരിക്കൻ സർവകലാശാല

ഹൂസ്റ്റൺ സർവകലാശാലയുടെ ഹിന്ദു മതത്തെക്കുറിച്ചുള്ള കോഴ്സിനെക്കുറിച്ചാണ് വിവാദം ഉടലെടുത്തത്

Update: 2025-03-29 15:55 GMT
കോഴ്സ് ‘ഹിന്ദുഫോബിക്’ എന്ന് വിദ്യാർഥിയുടെ പരാതി; മറുപടിയുമായി അമേരിക്കൻ സർവകലാശാല
AddThis Website Tools
Advertising

വാഷിങ്ടൺ: അമേരിക്കയിലെ ഹൂസ്റ്റൺ സർവകലാശാലയിലെ ഹിന്ദു മതവുമായി ബന്ധപ്പെട്ട കോഴ്സിനെക്കുറിച്ച് വിവാദം. കോഴ്സിന്റെ ഉള്ളടക്കം ഹി​ന്ദു​ഫോബിക് ആണെന്ന ആരോപണവുമായി വിദ്യാർഥിയാണ് രംഗത്തുവന്നത്. എന്നാൽ, ഇത് നിഷേധിച്ചുകൊണ്ട് സർവകലാശാല അധികൃതർ തന്നെ രംഗത്തെത്തി. അക്കാദമിക് സ്വാതന്ത്ര്യത്തെ തങ്ങൾ വിലമതിക്കുന്നുവെന്ന് സർവകലാശാല വ്യക്തമാക്കി. ‘ലിവ്ഡ് ഹിന്ദു റിലീജിയൻ’ എന്ന കോഴ്സിനെക്കുറിച്ചാണ് വിവാദം.

കോഴ്‌സ് നൽകുന്ന കോളജ് ഓഫ് ലിബറൽ ആർട്‌സ് ആൻഡ് സോഷ്യൽ സയൻസസിന്റെ ഡീന് മുമ്പാകെ വസന്ത് ഭട്ട് എന്ന വിദ്യാർഥിയാണ് പരാതി നൽകിയത്. കോഴ്സ് ഹിന്ദുഫോബിയ അടങ്ങിയതാണെന്നും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നുവെന്നും ഇതിൽ ആരോപിക്കുന്നു. പ്രഫസർ ആരോൺ മൈക്കലാണ് ഈ കോഴ്സ് പഠിപ്പിക്കുന്നത്.

പ്രഫസർ ആരോണിന്റെ അഭിപ്രായത്തിൽ ഹിന്ദുമതം പുരാതനമല്ല, മറിച്ച് ഒരു കൊളോണിയൽ നിർമിതിയാണ്, ഹിന്ദു ദേശീയവാദികൾ ആയുധമാക്കിയ ഒരു രാഷ്ട്രീയ ഉപകരണവും ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തൽ വ്യവസ്ഥയുമായിരുന്നുവെന്നും വിദ്യാർഥി ആരോപിച്ചു. എന്നാൽ, ഈ ആരോപണം പ്രഫസർ ആരോൺ നിഷേധിച്ചു.

‘സർവകലാശാല സാധാരണയായി വ്യക്തിഗത പ്രഭാഷണങ്ങൾ അവലോകനം ചെയ്യാറില്ല, കൂടാതെ അധ്യാപകർക്ക് അവരുടെ അധ്യാപനത്തിൽ സങ്കീർണവും ചിലപ്പോൾ വെല്ലുവിളി നിറഞ്ഞതുമായ വിഷയങ്ങളിൽ ആഴത്തിൽ പഠനം നടത്താൻ അനുവദിക്കാറുമുണ്ട്. അതേസമയം, സ്ഥാപിത അക്കാദമിക് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർവകലാശാല പാഠ്യപദ്ധതിയുടെ മേൽനോട്ടം വഹിക്കാറുമുണ്ട്’ -സർവകലാശാലാ അധികൃതർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News