ഇസ്രായേലുമായി ബന്ധം അവസാനിപ്പിക്കണമെന്നാവശ്യം; സ്വിറ്റ്സർലാൻഡിലെ യൂണിവേഴ്സിറ്റി കെട്ടിടം പിടിച്ചെടുത്ത് വിദ്യാർഥികൾ
അയർലാൻഡിലെ ട്രിനിറ്റി കോളജിലും പ്രതിഷേധം അരങ്ങേറി
ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ച് അയർലാൻഡ് ഡബ്ലിനിലെ ട്രിനിറ്റി കോളജും സ്വിറ്റ്സർലാൻഡിലെ ലോസാൻ യൂണിവേഴ്സിറ്റിയും. അമേരിക്കൻ കാമ്പസുകളിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികൾ പ്രതീകാത്മക ടെന്റുകൾ സ്ഥാപിച്ചു.
സ്വിറ്റ്സർലാൻഡിലെ ലോസാൻ കാമ്പസിൽ നൂറോളം വിദ്യാർഥികൾ ഇസ്രായേലുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെട്ടിടം പിടിച്ചെടുത്തു. ഫലസ്തീനിലെ ജനങ്ങൾ 200 ദിവസത്തിലേറെയായി മരിച്ചുകൊണ്ടിരിക്കുന്നു, പക്ഷെ നമ്മൾ അതൊന്നും കാണുന്നില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇസ്രായേലിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാറുകൾ രംഗത്തുവരണം. അതാണ് തങ്ങളുടെ പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു. അതേസമയം, കാമ്പസിലെ ജോലികൾക്ക് മുടക്കം സംഭവിക്കാത്തതിനാൽ പ്രതിഷേധം തുടരാൻ അധികൃതർ വിദ്യാർഥികളെ അനുവദിച്ചു.
അയർലാൻഡിലെ ട്രിനിറ്റി കോളജിൽ വിദ്യാർഥികൾ ക്യാമ്പുകൾ ആരംഭിച്ചതോടെ ഇവിടേക്കുള്ള പ്രവേശനം അധികൃതർ തടഞ്ഞു. കൂടാതെ ബുക്ക് ഓഫ് കെൽസ് എക്സിബിഷൻ അവസാനിപ്പിക്കുകയും ചെയ്തു.
വിവിധ പ്രതിഷേധങ്ങൾ നടത്തിയതിന് വിദ്യാർഥികൾക്കെതിരെ നേരത്തേ 214,000 യൂറോ പിഴ ചുമത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് കൂടിയായിരുന്നു വിദ്യാർഥികൾ രംഗത്തിറങ്ങിയത്. ഇതോടൊപ്പം ഇസ്രായേലുമായുള്ള അക്കാദമിക ബന്ധം വിച്ഛേദിക്കണമെന്നും അധിനിവേശ ഭരണകൂടവുമായി ബന്ധമുള്ള കമ്പനികളിൽ നിന്ന് പിന്മാറണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഫ്രാൻസിലും ഇംഗ്ലണ്ടിലും സമാന രീതിയിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾ അരങ്ങേറുന്നുണ്ട്.