ആശ്വാസത്തോടെ 17 മലയാളി വിദ്യാർത്ഥികളും; യുക്രൈനിൽനിന്നുള്ള ആദ്യസംഘം ഇന്നെത്തും
ഇന്ത്യ രക്ഷാദൗത്യത്തിനയക്കുന്ന വിമാനങ്ങൾക്ക് പുറമെ എയർ ഇന്ത്യയും നാളെ പ്രത്യേകം സർവീസ് നടത്തും. റൊമേനിയയിലേക്കും ഹംഗറിയിലേക്കും ഓരോ വിമാനം വീതം അയക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്
യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈനിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഇന്ന് നാട്ടിലെത്തും. 17 മലയാളി വിദ്യാർഥികളും സംഘത്തിലുണ്ട്. യുക്രൈൻ അതിർത്തി വഴിയാണ് ഇന്ത്യയുടെ രക്ഷാപ്രവർത്തനം. രക്ഷാദൗത്യം വിലയിരുത്താൻ കേന്ദ്രമന്ത്രിസഭയുടെ രക്ഷാ സമിതി ഇന്ന് യോഗം ചേരും.
പടിഞ്ഞാറൻ യുക്രൈന്റെ അതിർത്തിരാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാരെ സുരക്ഷിതമായി മാറ്റുന്നത്. അവിടെനിന്ന് വ്യോമമാർഗം നാട്ടിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. ഇന്നലെ രാത്രിയോടെ ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും തിരിച്ച വിമാനങ്ങൾ റൊമേനിയയിലെത്തി. ഇന്ന് ആദ്യ സംഘത്തെയും വഹിച്ച് വിമാനം ഡൽഹിയിലിറങ്ങും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിമാനത്താവളത്തിൽ സംഘത്തെ സ്വീകരിക്കും.
17 മലയാളി മെഡിക്കൽ വിദ്യാർഥികളാണ് സംഘത്തിലുള്ളത്. കിയവിൽ തുടരുന്ന വിദ്യാർഥികളോട് എംബസി നിർദേശമനുസരിച്ച് അതിർത്തിയിലേക്ക് നീങ്ങാനാണ് നിർദേശം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നടപടികളും സ്വീകരിക്കും.
ഇന്ത്യ രക്ഷാദൗത്യത്തിനയക്കുന്ന വിമാനങ്ങൾക്ക് പുറമെ എയർ ഇന്ത്യയും നാളെ പ്രത്യേകം സർവീസ് നടത്തും. റൊമേനിയയിലേക്കും ഹംഗറിയിലേക്കും ഓരോ വിമാനം വീതം അയക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.