വിനോദസഞ്ചാരികളുടെ ശ്രദ്ധക്ക്; ഈ ബീച്ചിൽ നിന്ന് കല്ലുകൾ പെറുക്കിയാൽ രണ്ടര ലക്ഷം രൂപ പിഴ നല്‍കേണ്ടിവരും!
ഫ്യൂർട്ടെവൻചുറയിലെ പ്രശസ്തമായ പോപ്‌കോൺ ബീച്ചിൽ നിന്ന് മാസവും ഒരു ടൺ മണൽ നഷ്ടപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്
ന്യൂയോര്‍ക്ക്: ഓരോ യാത്രകളും ഓരോ ഓർമ്മകളാണ്. യാത്രയുടെ ഓർമ്മക്കായി അവിടെ നിന്ന് എന്തെങ്കിലും വസ്തുക്കൾ ശേഖരിക്കുക എന്നത് ഒട്ടുമിക്ക ആളുകളുടെയും ശീലമാണ്. ബീച്ചുകളിൽ പോയാൽ കല്ലും ചിപ്പികളും ശംഖുകളുമെല്ലാം ശേഖരിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. എന്നാൽ വിനോദസഞ്ചാരികൾ ഈ ബീച്ചിൽ പോയാൽ വളരെ ശ്രദ്ധിക്കണം. ഇവിടെ നിന്ന് കല്ലുകൾ പെറുക്കിയാൽ നല്ല പണി കിട്ടും.. നൂറും ഇരുന്നൂറുമല്ല, രണ്ടരലക്ഷം രൂപവരെ പിഴയാണ് ലഭിക്കുക.
യൂറോപ്പിലെ കാനറി ദ്വീപുകളിലെ ലാൻസറോട്ട, ഫ്യൂർട്ടെവെൻചുറ എന്നീ ദ്വീപുകൾ സന്ദർശിക്കുന്നവർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ബീച്ചുകളിൽ നിന്ന് മണൽ, കല്ലുകൾ, പാറകൾ എന്നിവ ശേഖരിക്കുന്നവർക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. മുന്നറിയിപ്പ് ലംഘിക്കുന്നവർക്ക് 2,563 പൗണ്ട് (ഏകദേശം 2,69879 രൂപ) പിഴ ഈടാക്കുമെന്ന് റിപ്പോർട്ട്. ഗുരുതരമായ നിയമലംഘനം നടത്തിയാൽ 3,000 യൂറോ വരെ പിഴയും ചെറിയ രീതിയിലുള്ള നിയമലംഘനം നടത്തിയാൽ 150 മുതൽ 600 യൂറോ വരെ പിഴ ഈടാക്കുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
ദ്വീപിൽ നിന്ന് മണലുകളും പാറകളുമടക്കം പലപ്പോഴും അടക്കം സഞ്ചാരികൾ കൊണ്ടുപോകുന്നത് അടുത്തിടെ വ്യാപകമായിരുന്നു. പലപ്പോഴും 1,000 കിലോഗ്രാം മണലൊക്കെ സഞ്ചാരികൾ കൊണ്ടുപോയതായി കാനേറിയൻ വീക്കിലി റിപ്പോർട്ട് ചെയ്യുന്നു. ഫ്യൂർട്ടെവൻചുറയിലെ പ്രശസ്തമായ പോപ്‌കോൺ ബീച്ചിൽ നിന്ന് മാസവും ഒരു ടൺ മണൽ നഷ്ടപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് ആവാസവ്യവസ്ഥയ്ക്ക് നാശമുണ്ടാക്കുന്നതുകൊണ്ടാണ് നിയമം കർശനമാക്കിയത്. തീരപ്രദേശങ്ങളിലെ സ്വാഭാവിക സന്തുലിതാവസ്ഥ അപകടത്തിലാക്കുമെന്നും അധികൃതർ പറയുന്നു.
പലപ്പോഴും ലാൻസറോട്ടെ, ഫ്യൂർട്ടെവെൻചുറ വിമാനത്താവളങ്ങളിൽ നിന്ന് ഇവ പിടിച്ചെടുക്കാറുണ്ടെങ്കിലും സംരക്ഷിത പ്രദേശത്ത് നിന്ന് എടുത്തതാണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ കഴിയാറില്ല. ഇതുമൂലം പലരും പിഴയിൽ നിന്ന് രക്ഷപ്പെടാറുമുണ്ട്.