ഇവിടെ വച്ച് വിവാഹിതരായാല്‍ ദമ്പതികള്‍ക്ക് 1.7 ലക്ഷം രൂപ സമ്മാനം

ഇറ്റലിയിലെ ലാസിയോ എന്ന സ്ഥലത്ത് വച്ച് വിവാഹിരാകുന്ന വധൂവരന്‍മാര്‍ക്കാണ് സമ്മാനം കിട്ടുക

Update: 2022-03-05 03:18 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒരു വിവാഹം കഴിക്കുക എന്നത് ഒരു ഒന്നൊന്നര ചെലവാണ്. എന്നാല്‍ കല്യാണം കഴിക്കുമ്പോള്‍ പൈസ ഇങ്ങോട്ടു കിട്ടിയാലോ? സംഗതി ജോറായിരിക്കുമല്ലേ.. സംഭവം ഇവിടെയെങ്ങുമല്ല, അങ്ങ് ഇറ്റലിയിലാണ് ഈ ഓഫര്‍. ഇറ്റലിയിലെ ലാസിയോ എന്ന സ്ഥലത്ത് വച്ച് വിവാഹിരാകുന്ന വധൂവരന്‍മാര്‍ക്കാണ് സമ്മാനം കിട്ടുക.

രാജ്യ തലസ്ഥാനമായ റോം ഉൾപ്പെടുന്ന മേഖലയാണ് ലാസിയോ. മഹാമാരിക്കാലം ഇവിടെ വരുത്തിയ പ്രതിസന്ധികള്‍ക്ക് പരിഹാരം എന്ന നിലയിലാണ് അധികൃതര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 'നെല്‍ ലാസിയോ കോണ്‍ അമോര്‍' അല്ലെങ്കിൽ 'ഫ്രം ലാസിയോ വിത്ത് ലവ്' എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം 2022 ജനുവരി 1 നും 31 ഡിസംബർ 31 നും ഇടയിൽ ഈ മേഖലയിൽ വിവാഹം കഴിക്കുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കുമാണ് സമ്മാനം ലഭിക്കുക.

പ്രാദേശിക കാറ്ററിംഗുകാര്‍, പൂക്കച്ചവടക്കാര്‍, വെഡ്ഡിംഗ് പ്ലാനർമാർ, ഇവന്‍റ് കമ്പനികൾ എന്നിവരിൽ നിന്ന് സേവനങ്ങളോ ഉൽപ്പന്നങ്ങളോ വാങ്ങുമ്പോൾ 2,000 യൂറോ വരെ റീഫണ്ട് നൽകാൻ 10 മില്യൺ യൂറോയും പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ട്. ഹണിമൂൺ ചെലവുകൾ, ഫോട്ടോഗ്രാഫി സേവനങ്ങൾ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഓഫര്‍ വേണ്ട ദമ്പതികൾ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട പരമാവധി അഞ്ച് രസീതുകളുടെയെങ്കിലും തെളിവ് നൽകേണ്ടതുണ്ട്. 2023 ജനുവരി 31 വരെയോ ഫണ്ട് തീരുന്നത് വരെയോ വിവാഹത്തിനായുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരമാണുള്ളത്. ലാസിയോ മേഖലയിലെ തന്നെ ഗ്രാമങ്ങളിലും നഗരങ്ങളിലുമടക്കം എവിടെ വേണമെങ്കിലും വിവാഹവേദിയായി വധുവരന്മാർക്ക് തെരഞ്ഞെടുക്കാം.

"മോശമായ ഒരു മേഖലയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പിന്തുണയ്ക്കാൻ ഈ പദ്ധതി ആവശ്യമാണ്," ലാസിയോയുടെ പ്രസിഡന്‍റ് നിക്കോള സിങ്കാരറ്റിയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. സമാനതകളില്ലാത്ത സാംസ്കാരിക പൈതൃകമുള്ള മേഖലയാണ് ലാസിയോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുവെ വിവാഹങ്ങള്‍ക്ക് ഏറ്റവും യോജിക്കുന്ന പ്രദേശമെന്നാണ് ഇറ്റലി അറിയപ്പെടുന്നത്. അതുപോലെ കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യവും കൂടിയാണ് ഇറ്റലി. കോവിഡ് ലോക്ഡൗണ്‍ ആദ്യമായി ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്നും. 2020ല്‍ ഇറ്റലിയിലെ വിവാഹങ്ങളിൽ 85 ശതമാനവും പകർച്ചവ്യാധി കാരണം മാറ്റിവച്ചിരുന്നുവെന്ന് അസോവെന്‍റി ഇവന്‍റ് കമ്പനി ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. കൂടാതെ ഇവിടെ വച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്ന വിദേശികളുടെ 9,000 വിവാഹങ്ങളും മാറ്റിവച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News