ആഗോളവ്യാപാര യുദ്ധം രൂക്ഷമാക്കി അമേരിക്കയുടെ പുതിയ നീക്കം; കാറിന് 25 % ഇറക്കുമതി തീരുവ ഏർപ്പെടുത്തി
ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്നും, പ്രതിവർഷം 100 ബില്യൺ ഡോളർ വരുമാനം നേടുമെന്നും ട്രംപ്


വാഷിങ്ടൺ: ആഗോളവ്യാപാര യുദ്ധം രൂക്ഷമാക്കി അമേരിക്കയിൽ കാറിന് ഇറക്കുമതി തീരുവ ഏർപ്പെടുത്തി ട്രംപ്. ഇരുപത്തഞ്ച് ശതമാനം നിരക്കാണ് പുതുതായി ചുമത്തിയിരിക്കുന്നത്. പാർട്സുകൾക്കും നിരക്ക് വർധന ബാധകമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഏപ്രിൽ രണ്ടു മുതൽ പുതിയ നിരക്ക് ഈടാക്കി തുടങ്ങും. പാർട്സുകളുടെ വർധന മെയ് മാസത്തിലാണ് നടപ്പിലാകുക. പുതിയ തീരുവ സ്ഥിരമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ആഭ്യന്തര ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്നും പ്രതിവർഷം 100 ബില്യൺ ഡോളർ വരുമാനം നേടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീരുമാനം കാറിന്റെ വില വർധനവിന് വഴിവെക്കും. തീരുവ ഏർപ്പെടുത്താനുള്ള പ്രഖ്യാപനത്തോട് സമ്മിശ്രമായ പ്രതികരണമാണ് ഉയരുന്നത്.
"അമേരിക്കയിൽ നിർമ്മിക്കാത്ത എല്ലാ കാറുകൾക്കും 25 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് ഞങ്ങൾ പോകുന്നത്. ഇത് സ്ഥിരമായിരിക്കും. ഇത് നിങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്തത്ര വളർച്ചയ്ക്ക് വഴിയൊരുക്കും. എന്നാൽ നിങ്ങൾ നിങ്ങളുടെ കാർ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിർമ്മിക്കുകയാണെങ്കിൽ, താരിഫ് ഇല്ല," ട്രംപ് ഓവൽ ഓഫീസിൽ പറഞ്ഞു.
എന്നാൽ വർദ്ധിച്ചുവരുന്ന ചെലവുകൾ ഉപഭോക്തൃ ആവശ്യകതയെയും സാമ്പത്തിക വളർച്ചയെയും ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏപ്രിൽ 2 ന് വിശാലമായ വ്യാപാര നടപടികൾ അമേരിക്ക പ്രഖ്യാപിക്കുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ട്രംപിന്റെ പുതിയ നീക്കം. ഫെബ്രുവരിയിൽ തന്നെ വിശദാംശങ്ങൾ പങ്കുവെക്കാതെ കാറുകൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്ന കാര്യം ട്രംപ് സൂചിപ്പിച്ചിരുന്നു.