ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമാകുന്നതിനിടെ വൈറ്റ് ഹൗസിൽ ഇഫ്താര്‍ വിരുന്നൊരുക്കി ട്രംപ്
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ മുസ്‍ലിംകൾ നൽകിയ പിന്തുണയ്ക്ക് ട്രംപ് നന്ദി പറഞ്ഞു


വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ ഇഫ്താര്‍ വിരുന്നൊരുക്കി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച രാത്രി നടന്ന ഇഫ്താർ വിരുന്നിൽ ട്രംപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ മുസ്‍ലിംകൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. ഒന്നാം ഘട്ട വെടിനിര്‍ത്തൽ കരാര്‍ അവസാനിച്ച് ഗസ്സയിൽ ഇസ്രായേല്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്.
"2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ ഞങ്ങളെ പിന്തുണച്ച ലക്ഷക്കണക്കിന് അമേരിക്കൻ മുസ്‍ലിംകൾക്ക് ഞാൻ പ്രത്യേക നന്ദി അറിയിക്കുന്നു. അത് അവിശ്വസനീയമായിരുന്നു. ഞങ്ങൾ നിങ്ങളോടൊപ്പം അൽപം മന്ദഗതിയിലാണ് തുടങ്ങിയത്, പക്ഷേ ഞങ്ങൾ ഒപ്പം എത്തി. നവംബറിൽ മുസ്‍ലിം സമൂഹം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു, ഞാൻ പ്രസിഡന്‍റായിരിക്കുമ്പോൾ, ഞാൻ നിങ്ങൾക്കൊപ്പമുണ്ടാകും," ട്രംപ് പറഞ്ഞു.
"പുണ്യ മാസത്തിൽ എല്ലാ ദിവസവും, മുസ്‍ലിംകൾ പ്രഭാതം മുതൽ പ്രദോഷം വരെ ഉപവസിക്കുന്നു. പ്രാർഥനയിലും ദൈവത്തോടുള്ള ഭക്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തുടർന്ന് ലോകമെമ്പാടുമുള്ള മുസ്‍ലിം സഹോദരങ്ങൾ എല്ലാ രാത്രിയിലും കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒത്തുചേർന്ന് സർവ്വശക്തന് നന്ദി പറഞ്ഞുകൊണ്ട് ഇഫ്താർ വിരുന്നോടെ നോമ്പ് തുറക്കുന്നു. നാമെല്ലാവരും ലോകമെമ്പാടും സമാധാനം തേടുന്നു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ഒക്ടോബർ മുതൽ ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കാനുള്ള തന്‍റെ ഭരണകൂടത്തിന്‍റെ നയതന്ത്ര ശ്രമങ്ങളെ യുഎസ് പ്രസിഡന്‍റ് എടുത്തുപറഞ്ഞു.
യെമനിലെ ഹൂതി വിമതർക്കെതിരെയുള്ള യുഎസ് സൈനിക നടപടികൾ ചർച്ച ചെയ്യാനുള്ള ഗ്രൂപ്പിൽ ദ അറ്റ്ലാന്‍റിക് മാഗസിൻ എഡിറ്റർ-ഇൻ-ചീഫ് ജെഫ്രി ഗോൾഡ്‌ബെർഗ് ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വൈറ്റ് ഹൗസും സമ്മര്‍ദത്തിലാണ്. ഈ ഗുരുതര വീഴ്ച ദേശീയ സുരക്ഷയെക്കുറിച്ചും വിവരങ്ങൾ രഹസ്യമാക്കി വച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
അതേസമയം ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പലസ്തീനികൾ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും നേരിടുകയാണെന്ന് യുഎൻ അറിയിച്ചു. ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ അടിയന്തര യുഎൻ രക്ഷാസമിതി ചേരണമെന്ന് ബ്രിട്ടനും ഫ്രാൻസും പ്രതികരിച്ചു. വെടിനിർത്തൽ ചർച്ചക്ക് വഴിയൊരുക്കാൻ ഈജിപ്ത് സംഘം ദോഹയിലേക്ക് പുറപ്പെട്ടു.ഗസ്സയിലേക്ക് സഹായം അനുവദിക്കണമെന്ന മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം ഇസ്രായേൽ സുപ്രിം കോടതി തള്ളി .