'ടഫ് ആൻഡ് സ്‍മാർട്ട്': വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസി വൈൽസ്; യുഎസ് ചരിത്രം തിരുത്തി ട്രംപ്
യുഎസ് ചരിത്രത്തിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് 67കാരിയായ സൂസി വൈൽസ്
വാഷിങ്‌ടൺ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസി വൈൽസിനെ പ്രഖ്യാപിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് 67കാരിയായ വൈൽസ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം കൂടിയാണിത്. ട്രംപിന്റെ പ്രചാരണ മാനേജറായിരുന്നു സൂസി വൈൽസ്.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ സൂസി വൈൽസ് തന്നെ സഹായിച്ചുവെന്ന് പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ് പറഞ്ഞു. 2016, 2020 വർഷങ്ങളിലെ വിജയകരമായ പ്രചാരണങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു സൂസി. മിടുക്കിയാണ്... കഠിനവും നൂതന ആശയങ്ങളുമുള്ള ആളാണ്. സാർവത്രികമായി ആദരിക്കപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് സൂസിയെന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവി സൂസിക്ക് ലഭിച്ചത് അർഹമായ ബഹുമതിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. 'ഐസ് ബേബി' എന്നാണ് ഞങ്ങൾ സൂസിയെ വിളിക്കുന്നത്.. ബാക്ക്ഗ്രൗണ്ടിൽ നിൽക്കാൻ അവർക്ക് വളരെ ഇഷ്‌ടമാണ്'- ട്രംപ് പറഞ്ഞു.
പ്രചാരണത്തിൽ ട്രംപിന് സൂസി ഒരു വലിയ അസറ്റ് ആയിരുന്നെന്ന് യുഎസ് വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാൻസും പ്രതികരിച്ചു. വൈറ്റ് ഹൗസിലും അവർ ഒരു വലിയ സ്വത്തായിരിക്കും, നല്ല ഒരു വ്യക്തി കൂടിയാണെന്നും ജെഡി വാൻസ് പറഞ്ഞു.
ജനുവരി 20 ന് ട്രംപ് പ്രസിഡന്റ് പദവിയിലേക്ക് തിരികെയെത്തുന്നതോടെ ഇനിയും പുതുമുഖങ്ങളുടെ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ. സൂസിയുടെ നിയമനത്തോടെയാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്. ട്രംപിന്റെ വിശ്വസ്‌ത എന്ന നിലയിൽ വ്യാപക അംഗീകാരം നേടിയ വ്യക്തിയാണ് സൂസി വൈൽസ്. പ്രസിഡന്റിന്റെ വിശ്വസ്‌തയായി പ്രവർത്തിക്കുക എന്നതാണ് ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിൽ സൂസിയുടെ ചുമതല.
പ്രസിഡന്റിന്റെ അജണ്ട നടപ്പിലാക്കുന്നതും രാഷ്ട്രീയ നയതാൽപര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ചീഫ് ഓഫ് സ്റ്റാഫ് ആയിരിക്കും. പ്രസിഡന്റിന്റെ കൂടിക്കാഴ്‌ചകൾ നിയന്ത്രിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതും ഈ പദവിയിലുള്ള ആളായിരിക്കും.
1957 മെയ് 14 ന് ജനിച്ച സൂസി വൈൽസ് ഒരു പ്രമുഖ ഫുട്ബോൾ കളിക്കാരനും സ്പോർട്സ് കാസ്റ്ററുമായിരുന്ന പാറ്റ് സമ്മറലിൻ്റെ മകളാണ്. ദീർഘകാലം ഫ്ലോറിഡ ആസ്ഥാനമാക്കി രാഷ്ട്രീയ തന്ത്രജ്ഞയായി പ്രവർത്തിച്ചുവരികയായിരുന്നു ഇവർ. മുൻപ് റൊണാൾഡ് റീഗൻ്റെ 1980ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2018ലെ തെരഞ്ഞെടുപ്പിൽ ഫ്ലോറിഡയുടെ റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാൻ്റിസിനെ വിജയിപ്പിക്കാൻ സഹായിക്കുകയും ചെയ്‌തു.
കരിയറിൻ്റെ തുടക്കത്തിൽ, റിപ്പബ്ലിക്കൻ യുഎസ് പ്രതിനിധികളായ ജാക്ക് കെംപ്, ടില്ലി ഫൗളർ എന്നിവർക്കും വേണ്ടി പ്രവർത്തിച്ചു. മുൻ യൂട്ടാ ഗവർണർ ജോൺ ഹണ്ട്‌സ്‌മാൻ ജൂനിയറിൻ്റെ 2012 ലെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിൻ്റെ മാനേജറായും സൂസി വൈൽസ് കുറച്ചുകാലം സേവനമനുഷ്‌ഠിച്ചു. ട്രംപിൻ്റെ 2016ലെയും 2020ലെയും ബിഡ്ഡുകളിൽ മുതിർന്ന ഉപദേശകയായിരുന്നു സൂസി വൈൽസ്.
Summery: Trump Picks A Woman White House Chief Of Staff