ട്രംപ് അധികാരമേല്‍ക്കും മുന്‍പ് ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് സാധ്യതയില്ല; തീരുമാനം എളുപ്പമല്ലെന്ന് മധ്യസ്ഥരാജ്യങ്ങൾ
ഫലസ്തീൻ കുടുംബങ്ങളെ നാടുകടത്താൻ നിയമം പാസ്സാക്കിയ ഇസ്രായേൽ നടപടിക്കെതിരെ വ്യാപക എതിർപ്പുമുണ്ട്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റായി ഡൊണൾഡ് ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20ന് മുമ്പ് ഗസ്സ വെടിനിർത്തൽ ചർച്ചയിലെ പുരോഗതിക്ക് സാധ്യത മങ്ങി. തിരുമാനത്തിലേക്കെത്തുക എളുപ്പമാകില്ലെന്നാണ് മധ്യസ്ഥ രാജ്യങ്ങളുടെ വിലയിരുത്തൽ. അതിനിടെ ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഫലസ്തീൻ കുടുംബങ്ങളെ നാടുകടത്താൻ നിയമം പാസ്സാക്കിയ ഇസ്രായേൽ നടപടിക്കെതിരെ വ്യാപക എതിർപ്പുമുണ്ട്.
ജനുവരി 20ന് ട്രംപ് യുഎസ് പ്രസിഡന്‍റായി അധികാരം ഏൽക്കുന്നതുവരെ ഗസ്സ വെടിനിർത്തൽ ചർച്ചയിൽ പുരോഗതിക്ക് സാധ്യതയില്ല. ചർച്ച നടന്നാൽ തന്നെ തീരുമാനം കൈക്കൊള്ളുക എളുപ്പമാകില്ലെന്നാണ് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും വിലയിരുത്തൽ. ഗസ്സ ആക്രമണം ട്രംപ് ഏതു രീതിയിലാകും ട്രംപ് കൈകാര്യം ചെയ്യുകയെന്ന കാര്യത്തിലും വ്യക്തതയില്ല.
അതേസമയം പുതിയ നിർദേശം ഹമാസ് തള്ളിയ സാഹചര്യത്തിൽ ഗസ്സയിൽ വെടിനിർത്തലിനായുള്ള ശ്രമങ്ങൾ തുടരുമെന്ന് യുഎസ് സ്റ്റേറ്റ് വകുപ്പ് പ്രതികരിച്ചു. ഗസ്സയിൽ സൈന്യം തുടരുന്നതിന് യാതൊരു ന്യായവുമില്ലെന്നും ഇത് സൈനികരുടെ ജീവൻ അപകടത്തിലാക്കുമെന്നും ഇസ്രായേൽ പ്രതിരോധമന്ത്രി പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട യോവ് ഗാലന്റ് ബന്ദികളുടെ ബന്ധുക്കളെ അറിയിച്ചതായി റിപ്പോർട്ട്.
അധികാരത്തിൽനിന്ന് പുറത്താകുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഈ തുറന്നുപറച്ചിൽ. അതിനിടെ, ഫലസ്തീൻ കുടുംബങ്ങളെ രാജ്യത്തുനിന്ന് നാടുകടത്താൻ പാർലമെന്റില്‍ നിയമം പാസാക്കി ഇസ്രായേൽ പാർലമെന്റ്. അത്യന്തം അപകടകരമായ നീക്കമാണിതെന്ന് ഹമാസ് പ്രതികരിച്ചു. ഫലസ്തീൻ കൂട്ടായ്മകളും അറബ് ലീഗും നിയമത്തിനെതിരെ ശക്തമായി രംഗത്തുവന്നു. ഗസ്സയിലെ ജബാലിയയിലെ താൽക്കാലിക അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ല വ്യാപക മിസൈൽ ആക്രമണം നടത്തി. ലബനാനിൽ 5 സൈനികർ കൊല്ലപ്പെട്ടതായും 12 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ സ്ഥിരീകരിച്ചു.