ഗസ്സയിൽ ഹോളി ഫാമിലി കാത്തലിക് ചർച്ചിൽ അമ്മയെയും മകളേയും വെടിവച്ച് കൊന്ന് ഇസ്രായേൽ സേന

രാവിലെ മദർ തെരേസാ കോൺവെന്റ് ലക്ഷ്യമാക്കിയും ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ മിസൈൽ ആക്രമണം ഉണ്ടായി.

Update: 2023-12-16 19:10 GMT
Advertising

ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേൽ സേന ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം തുടരുന്നു. ഗസ്സയിലെ ഹോളി ഫാമിലി ഇടവകയിലെ ഹോളി ഫാമിലി കാത്തലിക് ചർച്ചിൽ രണ്ട് സ്ത്രീകളെ ഇസ്രായേൽ സേന വെടിവച്ചു കൊന്നതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇടവകയുടെ കോമ്പൗണ്ടിൽ അതിക്രമിച്ചുകയറിയ ഇസ്രായേൽ സൈന്യം പള്ളിയിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നഹിദ, മകൾ സമർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

ആക്രമണത്തിന് ഇരയായ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മകൾക്ക് വെടിയേറ്റത്. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പള്ളി കോമ്പൗണ്ടിനുള്ളിൽ ഉള്ളവരെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഏഴ് പേർക്ക് കൂടി വെടിയേറ്റത്. അതേസമയം, ഇടവകയിൽ മിസൈൽ ലോഞ്ചറിന്റെ സാന്നിധ്യമുണ്ടെന്ന് അവകാശപ്പെട്ട് ആക്രമണത്തെ ഇസ്രായേൽ ന്യായീകരിച്ചു.

'യുദ്ധത്തിന്റെ തുടക്കം മുതൽ ഭൂരിപക്ഷം ക്രിസ്ത്യൻ കുടുംബങ്ങളും അഭയം പ്രാപിച്ച ഇടമാണ് ഹോളി ഫാമിലി ചർച്ച്. നഹിദയും മകൾ സമറും ഇവിടുത്തെ സിസ്റ്റേഴ്സ് കോൺവെന്റിലേക്ക് നടക്കുമ്പോൾ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ മാതാവിനെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് സമർ കൊല്ലപ്പെട്ടത്'- പാത്രിയാർക്കേറ്റ് പ്രസ്താവനയിൽ പറയുന്നു.

'യാതൊരു മുന്നറിയിപ്പും നിർദേശവും സേന നൽകിയിരുന്നില്ല. അവരുടെ എതിരാളികൾ ആരും ഇടവകയുടെ പരിസരത്ത് ഇല്ലാതിരുന്നിട്ടും വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതുകൂടാതെ, രാവിലെ മദർ തെരേസാ കോൺവെന്റ് ലക്ഷ്യമാക്കിയും ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ മിസൈൽ ആക്രമണം ഉണ്ടായി. ഇതിൽ കെട്ടിടത്തിന്റെ ജനറേറ്റർ തകർന്നു. കോൺവെന്റിലേക്ക് ഏക വൈദ്യുതി ലഭ്യമാക്കാനുള്ള ഏക മാർഗമാണ് നശിച്ചത്- പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

'54ലധികം അംഗപരിമിതർ താമസിക്കുന്ന കോൺവെന്റ് ചർച്ച് കോമ്പൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടം പിന്നീട് രണ്ട് മിസൈലുകൾ കൂടി തൊടുത്തുവിട്ട് തകർത്തു. ഇതോടെ അവിടെയുണ്ടായിരുന്ന അന്തേവാസികളെല്ലാവരും പലായനം ചെയ്തിരിക്കുകയാണ്. അവരിൽ ചിലർക്ക് അതിജീവിക്കാൻ ആവശ്യമായ ശ്വസന ഉപകരണങ്ങൾ പോലും ലഭ്യമല്ല. പ്രദേശത്ത് രാത്രി നടത്തിയ ബോംബാക്രമണത്തിൽ പള്ളി വളപ്പിനുള്ളിൽ മറ്റ് മൂന്ന് പേർക്കും പരിക്കേറ്റു. കൂടാതെ സോളാർ പാനലുകളും വാട്ടർ ടാങ്കുകളും നശിപ്പിക്കപ്പെട്ടു'- പ്രസ്താവന വിശദമാക്കുന്നു.

കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച പാത്രിയാർക്കേറ്റ്, ക്രിസ്മസ് ആഘോഷത്തിനായി ചർച്ച് ഒരുങ്ങിയിരിക്കെയാണ് ആക്രമണം നടന്നതെന്നും ഇതിൽ ഏറെ ഏറെ ഉത്കണ്ഠയുണ്ടെന്നും കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News