മക്കയുടെ ആകാശചിത്രം; യുഎഇ ബഹിരാകാശ യാത്രികന്റെ ചിത്രം വൈറൽ
ഔദ്യോഗിക ട്വിറ്റർ ഹാൻഡ്ൽ വഴിയാണ് അൽ നിയാദി ചിത്രങ്ങൾ പങ്കുവച്ചത്
അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിൽ (ഐഎസ്എസ്) നിന്ന് യുഎഇ ബഹിരാകാശ യാത്രികൻ സുൽത്താൽ അൽ നയാദി പങ്കുവച്ച മക്കയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. പെരുന്നാൾ ആഘോഷ വേളയിൽ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്ൽ വഴിയാണ് അൽ നിയാദി ചിത്രങ്ങൾ പങ്കുവച്ചത്.
'ഇന്ന് അറഫാ ദിനമാണ്. ഹജ്ജിന്റെ സുപ്രധാന ദിനം. ദൈവഭക്തി വെറും വിശ്വാസമല്ല, പ്രവർത്തനും പ്രതിഫലനവുമാണ് എന്നത് ഓർപ്പെടുത്തുന്നു. സഹാനുഭൂതി, വിനയം, ഐക്യം എന്നിവയ്ക്കു വേണ്ടിയുള്ള യത്‌നത്തിൽ ഇത് നമ്മെ പ്രചോദിപ്പിക്കട്ടെ. ഇന്നലെ ഞാൻ പകർത്തിയ വിശുദ്ധ മക്കയുടെ കാഴ്ച' എന്ന കുറിപ്പോടെയാണ് ഇദ്ദേഹം ചിത്രം പങ്കുവച്ചത്.
ദീർഘകാലം ബഹിരാകാശത്ത് താമസിക്കുന്ന ആദ്യ അറബ് വംശജനാണ് അൽ നിയാദി. ആറു മാസത്തെ പരീക്ഷണ-നിരീക്ഷണങ്ങൾക്കായാണ് ഇദ്ദേഹം ബഹിരാകാശത്തെത്തിയത്. സ്‌പേസിൽ ആദ്യമായി നടന്ന അറബ് വംശജൻ എന്ന റെക്കോർഡും ഇദ്ദേഹത്തിന്റെ പേരിലാണ്.
ഹസ്സ അൽ മൻസൂരിക്ക് ശേഷമാണ് അൽ നിയാദി ബഹിരാകാശത്തെത്തിയത്. 4022 ഉദ്യോഗാർത്ഥികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേരിൽ ഒരാളാണ്. മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ യുഎഇ ആസ്‌ട്രോനട്ട് പ്രോഗ്രാമിലൂടെ 2023 മാർച്ച് മൂന്നിനാണ് ഇദ്ദേഹം സ്‌പേസിലെത്തിയത്. നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവിങ്, പൈലറ്റ് വൂഡി ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫിദ്യാവേവ് എന്നിവരാണ് അൽ നിയാദിക്കൊപ്പമുള്ളത്.