യുക്രൈനിൽ താത്കാലികമായി വെടി നിർത്തൽ പ്രഖ്യാപിച്ചു
അഞ്ച് മണിക്കൂറാണ് വെടി നിർത്തൽ പ്രഖ്യാപിച്ചത്
യുക്രൈനിൽ താത്കാലികമായി വെടി നിർത്തൽ പ്രഖ്യാപിച്ചു. മരിയുപോൾ, വോൾനോവാഖ എന്നീ ഇടനാഴിയിലാണ് വെടിനിർത്തൽ പ്രഖ്യപിച്ചത്. രക്ഷാ പ്രവർത്തനത്തനിടെയാണ് റഷ്യയുടെ പ്രഖ്യാപനം. ഇന്ത്യൻ സമയം 11.30 മുതൽ വെടി നിർത്തൽ പ്രാബല്യത്തിൽ വന്നു. അഞ്ച് മണിക്കൂറാണ് വെടി നിർത്തൽ പ്രാബല്യത്തിലുണ്ടാവുക എന്ന് റഷ്യൻ ദേശീയ മാധ്യമമായ ആർ.ടി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാംഘട്ട ചർച്ചയിലാണ് നടപടി. മൂന്ന് ദിവസം മുൻപും റഷ്യയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നിലപാട് ഉണ്ടായിരുന്നു. ആ സമയത്ത് കിയവ് ദേശീയ പാത വഴി ആളുകൾക്ക് രക്ഷപ്പെട്ടു പോവാൻ റഷ്യ അനുവദിച്ചിരുന്നു. വെടിനിർത്തൽ പ്രഖ്യപിച്ചതോടെ ഇന്ത്യൻ വിദ്യാർഥികൾക്കടക്കം ഈ സമയത്ത് രക്ഷപ്പെടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ റഷ്യ യുക്രൈനിൽ ശക്തമായ ആക്രമണമായിരുന്നു തുടർന്നുകൊണ്ടിരുന്നത്. പ്രധാന നഗരങ്ങളായ ഖാർകിവ്, മരിയുപോൾ നഗരങ്ങളിൽ വ്യോമാക്രമണങ്ങൾ ശക്തമാക്കിയിരുന്നു. ഇതുവരെ രണ്ടായിരത്തിലേറെ പൗരന്മാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ വ്യക്തമാക്കി. 9000 റഷ്യൻ സൈനികരെ വധിച്ചതായും യുക്രൈൻ അവകാശപ്പെടുന്നുണ്ട്.
ഇതിനിടെ റഷ്യയിൽ വിവിധ വാർത്താ ചാനലുകളുടെ സംപ്രേഷണം നിർത്തി വെച്ചിരുന്നു. ബിബിസിയും സിഎൻഎനും റഷ്യയിൽ പ്രവർത്തനം നിർത്തിയതായി അറിയിച്ചു. യുദ്ധ വാർത്തകളുമായി ബന്ധപ്പെട്ട സംപ്രേഷണത്തിന് റഷ്യ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. റഷ്യയിൽ ഫേസ്ബുക്കിന് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ യൂട്യൂബും ട്വിറ്ററും ലഭിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യൻ മാധ്യമങ്ങൾക്ക് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഗൂഗിൾ, മൈക്രോസ്‌ഫോറ്റ് ഉൾപ്പെടെയുള്ള കമ്പനികൾ റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ചു.