'കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ അമേരിക്കയും അന്താരാഷ്ട്ര സമൂഹവും'; വിമർശിച്ച് ഹമാസ്
ആശുപത്രികൾക്കെതിരെയുള്ള ഇസ്രായേൽ ആക്രമണത്തെ തുടർന്നാണ് രൂക്ഷവിമർശനവുമായി ഹമാസ് രംഗത്തെത്തിയത്
അൽ-ഷിഫ, അൽ-ഖുദ്സ്, ഇന്തോനേഷ്യൻ ആശുപത്രികൾക്കെതിരെയുള്ള ഇസ്രായേൽ ആക്രമണത്തെ തുടർന്ന് രൂക്ഷ വിമർശനവുമായി ഹമാസ്. മനുഷ്യരാശിക്ക് അപമാനമായ ഈ കൂട്ടക്കൊലയ്ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും അന്താരാഷ്ട്ര സമൂഹവുമാണ് ഉത്തരവാദികളെന്നും അധിനിവേശകർ ഇത്തരം അതിക്രമങ്ങൾ തുടരുന്നതിനെതിരെ തങ്ങൾ മുന്നറിയിപ്പ് നൽകുന്നുവെന്നും ഹമാസ് ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
ആശുപത്രികൾക്കെതിരെ അധിനിവേശ സേന നടത്തിയ കൂട്ടക്കൊലകൾ ക്രൂരമായ കുറ്റകൃത്യങ്ങളാണെന്നും അതിന്റെ പൂർണ ഉത്തരവാദിത്തം യുഎസ് ഭരണകൂടത്തിനും അധിനിവേശത്തെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കുമാണെന്നും ഹമാസ് കുറ്റപ്പെടുത്തി. നാസി-സയണിസ്റ്റ് അധിനിവേശ ഭീകരതയ്ക്ക് മുമ്പിൽ ലോകം നിന്ദ്യമായ നിശ്ശബ്ദത പുലർത്തുകയാണെന്നും അമേരിക്ക അവർക്ക് നീചമായ പിന്തുണ നൽകുകയാണെന്നും കുറിപ്പിൽ വിമർശിച്ചു. സാധാരണക്കാരെയും മെഡിക്കൽ സൗകര്യങ്ങളെയുമാണ് അവർ ലക്ഷ്യമിടുന്നതെന്നും ചൂണ്ടിക്കാട്ടി.
സയണിസ്റ്റ് തീവ്രവാദികൾ ആസൂത്രിത കൂട്ടക്കൊലയാണ് നടത്തിയതെന്നും അൽ-ഷിഫ ഹോസ്പിറ്റൽ കവാടത്തിൽ പരിക്കേറ്റവരെ കൊണ്ടുപോകുന്ന ആംബുലൻസുകൾക്കെതിരെ ബോംബെറിഞ്ഞ് നിരവധി പേരെ കൊലപ്പെടുത്തുകയും ഡസൻ പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് കുറ്റപ്പെടുത്തി. അൽ-ഖുദ്സ് ഹോസ്പിറ്റലിനും ഇന്തോനേഷ്യൻ ഹോസ്പിറ്റലിനും സമീപം നടത്തിയ ബോംബ് സ്ഫോടനങ്ങൾ ചികിത്സാ സൗകര്യങ്ങൾ നശിപ്പിക്കാനുള്ള ബോധപൂർവ ശ്രമമാണെന്നും ചൂണ്ടിക്കാട്ടി.
United States and the international community are responsible for the massacre in Gaza's hospitals: Hamas